SHARE

സീനിയര്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ പാകിസ്ഥാന്‍ അണ്ടര്‍ 19 ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പര 2-0 പാകിസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 49 റണ്‍സിനാണ് പാക് യുവനിര ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്.

എന്നാല്‍ ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത് പാകിസ്ഥാന്റെ 18കാരനായ താരം സഅദ് ഖാന്‍ മത്സരത്തിലെടുത്ത കിടിലന്‍ ക്യാച്ചാണ്. ഉയര്‍ന്ന് ചാടി താരം ഒറ്റക്കയ്യിലെടുത്ത ക്യാച്ചിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വരുന്നത്. ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 228-6 ല്‍ നില്‍ക്കുമ്പോഴായിരുന്നു ഹസ്സന്‍ ഖാന്റെ പന്ത് ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ ഉയര്‍ത്തിയടിച്ചത്. പന്ത് ബൗണ്ടറി കടക്കുമെന്ന് തോന്നിച്ചെങ്കിലും ഓഫ് സൈഡില്‍ ചാടി സഅദ് ഖാന്‍ ഒറ്റക്കയ്യില്‍  ക്യാച്ചെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുഹമ്മദ് സെയ്ദ് ആലമിന്റെ സെഞ്ചുറിയുടെ ബലത്തില്‍ 309 റണ്‍സാണ് നേടിയത്. 128 പന്തില്‍ 134 റണ്‍സാണ് സെയ്ദ് ആലം അടിച്ചെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ ആര്‍ ഹാക്ക്‌നി 109 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ചെങ്കിലും വിജയത്തിന് 49 റണ്‍സ് അകലെ തോല്‍വി സമ്മതിക്കുകയായിരുന്നു. ആദ്യ ഏകദിനം പാകിസ്ഥാന്‍ 6 വിക്കറ്റുകള്‍ക്ക് വിജയിച്ചപ്പോള്‍ രണ്ടാമത്തെ കളി ഫലമില്ലാതെ ഒഴിവാക്കുകയായിരുന്നു.