SHARE

ബാഴ്‌സലോണയ്ക്കായി ഏറ്റവുമധികം ഗോള്‍ നേടിയ ഏഴാമത്തെ കളിക്കാരനായി ലൂയിസ് സുവാരസ്. കഴിഞ്ഞ ദിവസം ലാവന്റെയ്ക്കതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് സുവാരസ് ഈ നേട്ടം കൈവരിച്ചത്. കാമറൂണ്‍ താരമായിരുന്ന സാമുവല്‍ ഏറ്റുവിനെയാണ് ഗോള്‍വേട്ടയില്‍ സുവാരസ് മറികടന്നത്.ലാവന്റെയ്ക്കെതിരായ ഗോള്‍, ബാഴ്‌സയ്ക്കായി സുവാരസിന്റെ 132-ാം ഗോളായിരുന്നു.

2014-ലാണ് ലിവര്‍പൂളില്‍ നിന്ന് യുറുഗ്വേ താരമായ സുവാരസ് ബാഴ്‌സയിലെത്തുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ അപ്പോള്‍ നിക്കോഷ്യക്കെതിരായ ഗോളോടെയാണ് ബാഴ്‌സയ്ക്കായി സുവാരസിന്റെ ഗോള്‍ വേട്ട തുടങ്ങിയത്. ഇതുവരെ 170 മത്സരങ്ങളാണ് സുവാരസ് ബാഴ്‌സയ്ക്കായി കളിച്ചത്. രണ്ട് തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ സുവാരസ്, ഈ സീസണില്‍ ഇതുവരെ 23 മത്സരങ്ങളില്‍ നിന്ന് 11 ഗോള്‍ നേടി.

-Advertisement-

ഈ സീസണിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച സുവാരസ് ഇപ്പോള്‍ പക്ഷേ മികച്ച ഫോമിലാണ്. ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയാണ്. 2004 മുതല്‍ ബാഴ്‌സയ്‌ക്കൊപ്പമുള്ള മെസി 609 മത്സരങ്ങളില്‍ നിന്ന് 527 ഗോളുകള്‍ നേടിയിട്ടുണ്ട്.