SHARE

യുറുഗ്വെ സൂപ്പർതാരം ലൂയിസ് സുവാരസ് സ്പാനിഷ് ക്ലബ് ബാഴ്സലോണ വിടുമെന്ന് ഉറപ്പായതായി റിപ്പോർട്ടുകൾ. കരാർ റദ്ദാക്കി ഫ്രീ ഏജന്റായി ബാഴ്സലോണ വിടാൻ സുവാരസ് തയ്യാറാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ഇക്കാര്യം ട്വീറ്റ് ചെയ്തു.

റൊണാൾഡ് കോമാൻ ബാഴ്സ പരിശീലകനായെത്തിയതിന് പിന്നാലെ തന്നെ തന്റെ പദ്ധതികളിൽ സ്ഥാനമില്ലെന്ന് സുവാരസിനെ അറിയിച്ചിരുന്നു. എന്നാൽ വെറുതെ കരാർ റദ്ദാക്കിപോകാൻ സുവാരസ് തയ്യാറായിരുന്നില്ല. കരാറിൽ ബാക്കിയുണ്ടായിരുന്ന ഒരു വർഷത്തെ പ്രതിഫലം വേണമെന്ന് സുവാരസ് വാശിപിടിച്ചതോടെ ഇരുകൂട്ടരും തമ്മിൽ തർക്കം രൂക്ഷമായി.

ഇതിനിടെ ഇറ്റാലിയൻ ക്ലബ് യുവന്റസ് സുവാരസിനായി ശ്രമം നടത്തിയിരുന്നു. സുവാരസ് യുവന്റസിലെത്തുമെന്ന് തന്നെ സൂചനകളുമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ നീക്കത്തിൽ നിന്ന് യുവന്റസ് പിന്മാറുകയായിരുന്നു. ഇതിനിടെയാണിപ്പോൾ സുവാരസ്,ഫ്രീ ഏജന്റായി പോകാൻ തയ്യാറാണെന്ന വാർത്തകൾ വരുന്നത്.

സ്പാനിഷ് ക്ലബ് തന്നെയായ അത്ലെറ്റിക്കോ മഡ്രിഡ് സുവാരസിനെ സ്വന്തമാക്കാൻ രം​ഗത്തുണ്ട്. അതേസമയം തന്നെ സുവാരസ് ദിവസങ്ങൾക്ക് മുമ്പ് തന്നെ അത്ലെറ്റിക്കോയുയി ധാരണയിലെത്തിയെന്നും റൊമാനോ ട്വീറ്റ് ചെയ്യുന്നു. ഏതായാലും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത കൈവരുമെന്ന് ഉറപ്പാണെന്നാണ് റിപ്പോർട്ടുകൾ.