SHARE

എടികെ മോഹൻ ബഗാന്റെ ഇന്ത്യൻ മുന്നേറ്റ താരം ശുഭ ഘോഷ് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് സൂചന. ഈ സീസൺ അവസാനം വരെയുള്ള ലോൺ കാലാവധിയിൽ ക്ലബ്ബിലെത്തുന്ന ശുഭാഘോഷുമായി സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്ഥിര കരാർ കേരളാ ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചേക്കുമെന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ ഉയരുന്നത്. ജനുവരിയിൽ എടികെ മോഹൻ ബഗാനിലേക്ക് പോകുന്ന ന്യോറമിന് പകരക്കാരനായി ശുഭ ഘോഷ് ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ്‌ റിപ്പോർട്ടുകൾ.

മോഹൻ ബഗാൻ അക്കാദമിയിലൂടെ വളർന്നു വന്ന ശുഭ ഘോഷ്, 2019 ൽ ഇന്ത്യൻ നേവിക്കെതിരായ ഡ്യൂറണ്ട് കപ്പ് മത്സരത്തിൽ കളിച്ചാണ് മോഹൻ ബഗാന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ കളിച്ച് ഐ ലീഗിലും താരം അരങ്ങേറി. പത്തൊൻപതുവയസു മാത്രം പ്രായമുള്ള ശുഭ ഘോഷ് മുന്നേറ്റത്തിൽ ഇന്ത്യയുടെ ഭാവി താരങ്ങളിലൊരാളായാണ് കരുതപ്പെടുന്നത്‌. അത് കൊണ്ടു തന്നെ താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണം ചെയ്യുമെന്നാണ് ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.