SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആതിഥേയരുടെ നിയന്ത്രണത്തോടെയാണ് അവസാനിച്ചത്. പെര്‍ത്തിലെ പുതിയ സ്റ്റേഡിയത്തിലെ പിച്ച് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമാണ്. വേഗമേറിയ ബൗളര്‍മാര്‍ക്ക് മാത്രമല്ല സ്പിന്നര്‍മാര്‍ക്കും. ഹനുമ വിഹാരി നേടിയ വിക്കറ്റുകളും അദേഹത്തിന്റെ ചില പന്തുകളും ഇക്കാര്യം തെളിയിക്കുന്നു. ഒരൊറ്റ സ്പിന്നറെ വരെ കളിപ്പിക്കാത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ നീക്കത്തോട് ക്രിക്കറ്റ് വിദഗ്ധര്‍ക്കും യോജിപ്പില്ല.

നാലാമതൊരു പേസറെ കളിപ്പിച്ച സ്ഥാനത്ത് രവീന്ദ്ര ജഡേജയ്ക്ക് അവസരം നല്കണമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വാലറ്റത്ത് അത്യാവശ്യം നന്നായി ബാറ്റുചെയ്യുന്ന ജഡേജയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് കൂടുതല്‍ വൈവിധ്യം നല്കിയേനെ. അശ്വിന് പകരമെത്തിയ ഉമേഷ് യാദവിന് കാര്യമായൊന്നും ചെയ്യാനുമായില്ല. 18 ഓവറില്‍ 68 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

അവസാന ഇന്നിംഗ്‌സില്‍ ഇന്ത്യ ബാറ്റു ചെയ്യണമെന്നിരിക്കേ നാഥന്‍ ലയോണിന്റെ പന്തുകള്‍ എത്രമാത്രം ഇന്ത്യയെ ചുറ്റിക്കുമെന്ന് കണ്ടറിയണം. ആദ്യ ടെസ്റ്റില്‍ അശ്വിന്റെ മുന്നില്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ വട്ടംകറങ്ങിയിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ ഒരൊറ്റ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലുമില്ലാതെ കളിക്കുന്ന ഇന്ത്യയുടെ നീക്കം എത്രകണ്ട് ഫളിക്കുമെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും.