SHARE

കനത്ത വെയിലിനെത്തുടർന്ന് ഇന്ത്യ- ന്യൂസിലൻഡ് ആദ്യ ഏകദിന മത്സരം നിർത്തി വെച്ചു. അസ്തമയ സൂര്യൻ ബാറ്റ്സ്മാന്റെ കണ്ണുകളിലേക്ക്‌ ശക്തമായി പതിക്കാൻ തുടങ്ങിയതോടെയാണ് മത്സരം നിർത്തിവെക്കാൻ നിർബന്ധിതരായത്. കാലാവസ്ഥ അനുകൂലമാകുമ്പോൾ മത്സരം പുനരാരംഭിക്കും.

ഇന്ത്യൻ ഇന്നിംഗ്സിന്റെ പതിനൊന്നാം ഓവറിലായിരുന്നു അപകടകരമായ രീതിയിലേക്ക് വെയിൽ മാറിയത്. കനത്ത വെയിൽ നേരിട്ട് കണ്ണിൽ പതിക്കുന്നെന്നും ബാറ്റ് ചെയ്യുമ്പോൾ പന്ത് കാണാൻ കഴിയില്ലെന്നും ഇന്ത്യൻ ബാറ്റ്സ്മാൻ ശിഖാർ ധവാൻ അമ്പയറെ അറിയിക്കുകയും. തുടർന്ന്, കളി തുടരുന്നത് അപകടമാണെന്ന് മനസിലാക്കിയ അമ്പയർമാർ മത്സരം തൽക്കാലം നിർത്തിവെക്കാൻ തീരുമാനിക്കുകയുമായിരുന്നു. കഴിഞ്ഞയാഴ്ച ഇതേ സ്റ്റേഡിയത്തിൽ സെൻട്രൽ സ്റ്റാഗ്സും, കാന്റർബറി കിംഗ്സും തമ്മിൽ നടന്ന സൂപ്പർ സ്മാഷ് ടി20 കിരീടവും ഇതേ കാരണത്താൽ നിർത്തിവെക്കേണ്ടി വന്നിരുന്നു.

കിഴക്ക് – പടിഞ്ഞാറ് ദിശയിലാണ് മത്സരം നടക്കുന്ന നേപ്പിയറിലെ മക്ലീൻ പാർക്കിൽ പിച്ചിന്റെ കിടപ്പ്. ഇത് കൊണ്ടു തന്നെ സൂര്യാസ്തമയ സമയത്ത് വെയിൽ പിച്ചിലേക്ക് ശക്തമായെത്തും. അതേ സമയം കളികാരുടെ സുരക്ഷ മുൻ നിർത്തി മത്സരം അല്പനേരത്തേക്ക് മാത്രം നിർത്തിവെച്ചതാണെന്നും വെയിലിന്റെ കാഠിന്യം അവസാനിക്കുന്നതോടെ 50 ഓവർ മത്സരം തന്നെ നടക്കുമെന്നും അമ്പയർമാർ വ്യക്തമാക്കിയിട്ടുണ്ട്.