SHARE

ഇന്ത്യന്‍ ദേശീയ ടീമിന്റെ നായകന്‍ സുനില്‍ ഛേത്രി ക്യാപ്ടന്‍ മാത്രമല്ല നല്ലൊരു സംഘാടക വൈദഗ്ധ്യം കൂടിയുള്ള വ്യക്തിയാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കും കളിക്കാരുടെ മികവിനും എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമുണ്ടെന്ന് അദേഹത്തിന് നല്ലപോലെ അറിയാം. അടുത്തിടെ ഒരു അഭിമുഖത്തില്‍ രാജ്യത്തെ ഫുട്‌ബോളിനെക്കുറിച്ച് അദേഹം തന്റെ മനസുതുറന്നു.

ഇന്ത്യന്‍ ലീഗില്‍ കളിക്കുന്ന ഒരു താരത്തിന് ഒരു സീസണില്‍ ചുരുങ്ങിയത് 50 മത്സരങ്ങളെങ്കിലും കളിക്കാന്‍ സാധിക്കുന്ന അവസ്ഥ വേണമെന്ന് ഛേത്രി പറയുന്നു. എങ്കില്‍ മാത്രമേ മികച്ച പ്രകടനം നിലനിര്‍ത്താനും പ്രെഫഷണലായി മുന്നോട്ടു പോകാനും സാധിക്കുകയുള്ളൂ. വിദേശ ലീഗുകളൊക്കെ ഇത്തരത്തിലാണ്. ഇവിടെ സമീപഭാവിയില്‍ സ്ഥിതി മാറുമെന്നും ഛേത്രി പ്രത്യാശ പ്രകടിപ്പിക്കുന്നു.

നിലവില്‍ ഐഎസ്എല്‍ കളിക്കുന്ന ഒരു താരത്തിന് ഐഎസ്എല്‍, സൂപ്പര്‍കപ്പ് ഉള്‍പ്പെടെ പരമാവധി 25 മത്സരങ്ങളില്‍ താഴെയാണ് കളിക്കാന്‍ സാധിക്കുന്നത്. 16-18 ടീമുകള്‍ ഐഎസ്എല്ലില്‍ എത്തുന്നതോടെ ഇത് മാറും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകളെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഐലീഗ്- ഐഎസ്എല്‍ ലയനവും ഉടനുണ്ടാകും.