SHARE

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ ബം​ഗ്ലാദേശിനെതിരെ രണ്ട് തവണ വലകുലുക്കിയതോടെ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ അന്താരാഷ്ട്ര ​ഗോളുകളുടെ എണ്ണം 74 ആയി. നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവുമധികം അന്താരാഷ്ട്ര ​ഗോൾ നേടിയവരിൽ ഛേത്രി ഇപ്പോൾ രണ്ടാമതാണ്. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ ഛേത്രിക്ക് മുന്നിൽ.

36-കാരനായ ഇന്ത്യൻ സ്ട്രൈക്കർ 2005-ലാണ് ദേശീയ ടീമിനായി അരങ്ങേറുന്നത്. അതേവർഷം തന്നെ പാകിസ്ഥാനെതിരെയാണ് ഛേത്രി ആദ്യ അന്താരാഷ്ട്ര ​ഗോൾ നേടുന്നത്. പാകിസ്ഥാനെതിരെ പിന്നീട് അഞ്ച് തവണ ​കൂടി കളിച്ചെങ്കിലും ​ഗോളുകളുടെ എണ്ണം കൂട്ടാൻ ഛേത്രിക്കായില്ല. അതേസമയം ഛേത്രിയുടെ പ്രിയപ്പെട്ട എതിരാളികൾ ചൈനീസ് തായ്പേയും മാലിദ്വീപുമാണ്. ഇരുടീമുകൾക്കുമെതിരെ അഞ്ച് മത്സരങ്ങൾ കളിച്ച ഛേത്രി ആറ് തവണ വീതം വലകുലുക്കിയിട്ടുമുണ്ട്. നേപ്പാൾ, ബം​ഗ്ലാദേശ്, തിജികിസ്ഥാൻ എന്നിവർക്കെതിരെ അഞ്ച് തവണ വീതം ഛേത്രി നിറയൊഴിച്ചിട്ടുണ്ട്.

ഛേത്രിയുടെ ഏറ്റവും മികച്ച ​ഗോൾ കൺവേർഷൻ റേറ്റ് എന്നാൽ വിയ്റ്റാനാമിനെതിരെയാണ്. കാരണം അവർക്കെതിരെ ഒരേയൊരു മത്സരം കളിച്ച ഛേത്രി, അന്ന് ഹാട്രിക്ക് നേടിയിരുന്നു. ഇതടക്കം മൂന്ന് തവണ അന്താരാഷ്ട്ര ഫുട്ബോളിൽ ഛേത്രി ഹാട്രിക്ക് നേടിയിട്ടുണ്ട്. ഛേത്രി ​ഗോൾ നേടിയ എതിരാളികളിൽ ഏറ്റവും കരുത്തരായത് ദക്ഷിണകൊറിയയാണ്. 2011 ഏഷ്യാ കപ്പിലായിരുന്നു ദക്ഷിണകൊറിയക്കെതിരായ ഛേത്രിയുടെ
ഒരേയൊരു ​ഗോൾ.

കെനിയക്കെതിരെ നാല് ​ഗോൾ നേടിയിട്ടുണ്ട് ഛേത്രി. കാമറൂൺ, ന്യൂസിലൻഡ് എന്നീ മികച്ച ടീമുകൾക്കെതിരേയും ഛേത്രി വലകുലുക്കിയിട്ടുണ്ട്. 2011-ലാണ് ഛേത്രിയുടെ ഏറ്റവും മികച്ച ​ഗോൾവേട്ട നടന്നത്. ആ വർഷം 17 മത്സരങ്ങളിൽ നിന്ന് 13 ​ഗോളുകൾ ഛേത്രി നേടി.