SHARE

എംഎസ്. ധോണിയും ശിഖര്‍ ധവാനുമെതിരേ രൂക്ഷവിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. ഇരുവരും ആഭ്യന്തരക്രിക്കറ്റില്‍ കളിക്കാത്തതാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്. രണ്ടുപേരെയും ആഭ്യന്തര ക്രിക്കറ്റില്‍നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കുന്ന ബിസിസിഐക്കെതിരേയും ഗാവസ്‌കര്‍ വിമര്‍ശനമുന്നയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട ധവാന്‍ മെല്‍ബണില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര നവംബര്‍ ഒന്നിന് അവസാനിച്ചശേഷം ധോണി ഇതുവരെ മത്സരങ്ങള്‍ക്ക് ഇറങ്ങിയിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ പ്രകടനം മികച്ചതാകണമെങ്കില്‍ കളിക്കാര്‍ ഫോം നിലനിര്‍ത്തേണ്ടതുണ്ട്. അതിനായി അവര്‍ മത്സരങ്ങള്‍ക്ക് ഇറങ്ങേണ്ടതുണ്ട്. ലോകകപ്പ് ലക്ഷ്യംവച്ച് നീങ്ങേണ്ട സമയമാണിത് ഗാവസ്‌കര്‍ പറഞ്ഞു.

അതേസമയം ധോണി ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫിയില്‍ കളിച്ചേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു വിശദീകരണങ്ങളും താരത്തിന്റെയോ ടീം മാനേജ്‌മെന്റിന്റെയോ ഭാഗത്തുനിന്നും വന്നിട്ടില്ല. ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ധോണി ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് രാജ്യാന്തര തലത്തില്‍ കളിക്കുന്നത്.