SHARE

രഞ്ജി ട്രോഫിയിൽ വിജയകരമായി കളിച്ച് കൊണ്ടിരിക്കുന്ന താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ കാര്യമായ അവസരം ലഭിക്കാത്തത് തന്നെ വളരെയധികം അത്ഭുതപ്പെടുത്തുന്നുണ്ടെന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. രഞ്ജിയിൽ കഴിവ് തെളിയിച്ച് കഴിഞ്ഞ താരങ്ങൾക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോർമ്മാറ്റുകളിലും തിളങ്ങാനാകുമെന്നും, അവർക്ക് അതിനുള്ള ടെക്നിക്ക് കൈവശം ഉണ്ടെന്നുമാണ് ഗവാസ്കറിന്റെ അഭിപ്രായം.

ലോക്കൽ ലീഗുകളിലെ മികച്ച പ്രകടനവുമായി വരുന്ന പല ബൗളർമാരെയും മിസ്റ്ററി ബോളർമാർ എന്ന ലേബലിൽ കോടികൾ മുടക്കി ടീമുകൾ വാങ്ങുന്നുണ്ടെന്നും, എന്നാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബാറ്റ്സ്മാന്മാർക്കെതിരെ കളിക്കുമ്പോൾ അവരെല്ലാം പതറുന്നുണ്ടെന്നും ഗവാസ്കർ പറയുന്നു. ബേസിക്ക് ടെക്നിക്കുകൾ ഇല്ലാത്ത ഇത്തരം താരങ്ങളിൽ പലരും വൺ സീസൺ വണ്ടറായി പോകുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട ഗവാസ്കർ, പരാജയമായാൽപ്പോലും അടുത്ത സീസണുകളിലും വൻ തുകയ്ക്ക് മറ്റ് ടീമുകൾ ആ താരത്തെ സ്വന്തമാക്കാറുണ്ടെന്ന് കൂട്ടിച്ചേർത്തു.

രഞ്ജി ട്രോഫിയിൽ വിജയകരമായി കളിച്ച് കൊണ്ടിരിക്കുന്ന, അതിൽ കഴിവു തെളിയിച്ച താരങ്ങൾക്ക് ഐപിഎല്ലിലും തിളങ്ങാനുള്ള ടെക്നിക്കുണ്ടെന്നാണ് ഗവാസ്കറിന്റെ പക്ഷം. എന്നാൽ അതിന് അവർക്ക് അവസരം ലഭിക്കാത്തത് തനിക്ക് വളരെയധികം വിഷമം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞുനിർത്തി.