SHARE

ഈ വർഷത്തെ ഏകദിന ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതകളുള്ളത് ആതിഥേയരായ ഇംഗ്ലണ്ടിനാണെന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. നിലവിൽ അവർ കളിച്ച് കൊണ്ടിരിക്കുന്ന രീതി അവരെ ടൂർണമെന്റിലെ ഫേവറിറ്റുകളാക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്പോൾ ഗവാസ്കർ വ്യക്തമാക്കി.

ഗവാസ്കറിന്റെ വാക്കുകൾ ഇങ്ങനെ, ” ഇംഗ്ലണ്ട് തന്നെയാണ് ഈ ലോകകപ്പിലെ ഫേവറിറ്റുകൾ. ഇതിന് കാരണം ഇപ്പോൾ അവർ കളിക്കുന്ന രീതി തന്നെയാണ്. മികച്ച ടീമാണ് അവരുടേത്. 2015 ലോകകപ്പിലെ ഞെട്ടലിന് ശേഷം ഈ ടീം അടിമുടി മാറി. അവർക്ക് വലിയ ആത്മവിശ്വാസം ഇപ്പോളുണ്ട്. വളരെ മനോഹരമായാണ് ഇപ്പോൾ അവർ കളിച്ച് കൊണ്ടിരിക്കുന്നതും. കഴിഞ്ഞ രണ്ട് തവണയായി ആതിഥേയർ തന്നെയാണ് ലോകകപ്പ് നേടുന്നത്. ക്രിക്കറ്റിൽ എന്തും സംഭവിക്കാം, എന്നാൽ ഫേവറിറ്റുകളായി ടൂർണമെന്റിനെത്തുന്ന ഇംഗ്ലണ്ടിനാണ് ഇത്തവണ കിരീടം നേടാനുള്ള കൂടുതൽ സാധ്യതകൾ. ” ഗവാസ്കർ പറഞ്ഞുനിർത്തി.