SHARE

ഓസീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പ്രിഥ്വി ഷായും, മുരളി വിജയും ചേർന്നാകണം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടതെന്ന് ഇതിഹാസ ക്രിക്കറ്റർ സുനിൽ ഗവാസ്കർ. വിൻഡീസിനും, ന്യൂസിലൻഡ് എ യ്ക്കുമെതിരായ പ്രകടനങ്ങൾ ഷായുടെ ഓപ്പണിംഗ് സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിയെന്നും, അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായുള്ള ബാറ്റിംഗ് പരാജയം ടീമിലെ മറ്റൊരു ഓപ്പണറായ രാഹുലിന് തിരിച്ചടിയാണെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു.

” ഷാ ആദ്യ ടെസ്റ്റിൽ ഓപ്പണറാകണം. അദ്ദേഹം മികച്ച ഫോമിലാണുള്ളത്. ന്യൂസിലൻഡ് എ യ്ക്കെതിരെ മാത്രമല്ല, നാട്ടിൽ വിൻഡീസിനെതിരെ നടന്ന പരമ്പരയിലും തകർപ്പൻ പ്രകടനമാണ് ഷാ പുറത്തെടുത്തത്. രാഹുൽ നിലവിൽ അത്ര മികച്ച ഫോമിലല്ല. ഓസീസിനെതിരായ ടി20 പരമ്പരയിൽ ഒരു 30 റൺസെങ്കിലും നേടിയിരുന്നെങ്കിൽ രാഹുലിനെ ഓപ്പണറായി പരിഗണിക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. തന്റെ അഭിപ്രായത്തിൽ പ്രിഥ്വി ഷാ – മുരളി വിജയ് സഖ്യമാകണം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടത്.” ഗവാസ്കർ പറഞ്ഞുനിർത്തി.

മുരളി വിജയെ ഓപ്പണിംഗ് സ്ഥാനത്ത് കൊണ്ട് വരുന്നതിന്റെ മറ്റൊരു ഗുണം ഗവാസ്കർ പറയുന്നത് അദ്ദേഹത്തിന്റെ പരിചയസമ്പത്താണ്. വിദേശ പര്യടനങ്ങളിൽ കളിച്ച് മികച്ച മത്സര പരിചയമുള്ള വിജയും, ആക്രമണ സ്വഭാവമുള്ള ബാറ്റിംഗ് ശൈലിയുള്ള പ്രിഥ്വി ഷായും, ഓപ്പണർമാരായെത്തുന്നത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാൻ ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.