SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലെ മത്സരപരിചയമാണ് ഇന്ത്യൻ സ്പിന്നർമാരായ യുസ്വേന്ദ്ര ചഹലിന്റേയും, കുൽദീപ് യാദവിന്റേയും മികച്ച പ്രകടനങ്ങൾക്ക് കാരണമെന്നും ഇരുവരേയും പക്വതയുള്ള ബോളർമാരായി മാറ്റാൻ ഇന്ത്യൻ പ്രീമിയർ ലീഗ് സഹായിച്ചെന്നും മുൻ ഇന്ത്യൻ സ്പിന്നറും നിലവിൽ ബംഗ്ലാദേശ് ടീമിന്റെ സ്പിൻ ഉപദേശകനുമായ സുനിൽ ജോഷി.

ഐപിഎൽ മത്സരങ്ങളിൽ ഇന്ത്യയിലെ ചെറിയ ഗ്രൗണ്ടുകളിൽ, ഇവിടുത്തെ ബാറ്റിംഗ് അനുകൂല വിക്കറ്റുകളിൽ പന്തെറിഞ്ഞ് ഈ സ്പിന്നർമാർ കളി പഠിച്ചെന്നും, ഐപിഎല്ലിലൂടെ ലഭിച്ച അറിവും, പരിചയസമ്പത്തും അന്താരാഷ്ട്ര ക്രിക്കറ്റിൽ അവരെ വളരെയേറെ സഹായിക്കുന്നുണ്ടെന്നും ജോഷി സൂചിപ്പിക്കുന്നു. ഈയടുത്ത് അവസാനിച്ച ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ 6 ഏകദിന മത്സരങ്ങളിൽ നിന്ന് 33 വിക്കറ്റുകൾ ഇരുവരും ചേർന്ന് വീഴ്ത്തിയതിന്‌പിറകിൽ ഇന്ത്യൻ പ്രീമിയർ ലീഗും മോശമല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് സുനിൽ ജോഷിയുടെ പക്ഷം.

1996 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ടീം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കർണാടക സ്വദേശിയായ സുനിൽ ജോഷി. ദേശീയ ജേഴ്സിയണിഞ്ഞ് 15 ടെസ്റ്റുകളിലും, 69 ഏകദിനങ്ങളിലും കളത്തിലിറങ്ങിയിട്ടുള്ള ഈ ഇടംകൈയ്യൻ സ്പിന്നർക്ക് 110 അന്താരാഷ്ട്ര വിക്കറ്റുകളും സ്വന്തമായുണ്ട്.