SHARE

പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പന്തു കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങുകയാണ് കൊല്‍ക്കത്തയുടെ വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍. സണ്‍റൈസേഴ്‌സിനെതിരെ നിര്‍ണ്ണായക മത്സരത്തില്‍ 4 ഓവര്‍ പന്തെറിഞ്ഞ നരെയ്ന്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ടീമിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ താരം 10 പന്തില്‍ 29 റണ്‍സെടുത്താണ് മടങ്ങിയത്.

അതോടെ ഐ പി എല്ലിലെ അപൂര്‍വ്വമായ ഒരു റെക്കോര്‍ഡും നരെയ്‌നെ തേടിയെത്തി. ഐ പി എല്ലിലെ ഒരു സീസണില്‍ 300 റണ്‍സും 15 വിക്കറ്റുകളും നേടുന്ന നാലാമത്തെ താരമായി മാറി നരെയ്ന്‍. സീസണില്‍ ഇതുവരെ 14 മത്സരങ്ങള്‍ കളിച്ച നരെയ്ന്‍ 327 റണ്‍സും 16 വിക്കറ്റുകളുമാണ് നേടിയിരിക്കുന്നത്. 2008ലെ ആദ്യ ഐ പി എല്‍ സീസണില്‍ 472 റണ്‍സും 17 വിക്കറ്റുകളും നേടിയ ഷെയ്ന്‍ വാട്‌സണാണ് ഐ പി എല്ലില്‍ ഈ നേട്ടം ആദ്യമായി കൈവരിക്കുന്നത്. 2012ല്‍ ഡ്വെയിന്‍ ബ്രാവോ 371 റണ്‍സും 15 വിക്കറ്റുകളും നേടിയിരുന്നു.

കൊല്‍ക്കത്തക്ക് വേണ്ടി രണ്ടു തവണയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ജാക്വസ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. 2012ല്‍ 409 റണ്‍സും 15 വിക്കറ്റുകളും 2013ല്‍ 311 റണ്‍സും 16 വിക്കറ്റുകളുമാണ് കാലിസ് നേടിയത്. അതിനും ശേഷം അഞ്ചു സീസണുകള്‍ പിന്നിട്ടിട്ടാണ് നരെയ്ൻ ഈ ഐ പി എൽ റെക്കോർ്ഡ് നേടുന്ന നാലാമത്തെ താരമായിരിക്കുന്നത്.