ഇംഗ്ലണ്ടിനെ ഇക്കുറി ഏകദിന ലോക കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ട്രെവർ ബെയ്ലിസിനെ തങ്ങളുടെ മുഖ്യ പരിശീലകനായി നിയമിച്ച് ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ ഏഴ് വർഷങ്ങൾ ടീമിനെ പരിശീലിപ്പിച്ച സൂപ്പർ പരിശീലകൻ ടോം മൂഡിക്ക് പകരമാണ് ബെയ്ലിസ് ഹൈദരാബാദിലെത്തുന്നത്. ഹൈദരാബാദിനെ മികച്ച രീതിയിൽ പരിശീലിപ്പിച്ച മൂഡിയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത് ആരാധകർക്ക് അല്പം ഞെട്ടൽ സമ്മാനിക്കുന്നുണ്ട്.
ഇക്കുറി ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ബെയ്ലിസ് മുൻപ് 2011 മുതൽ 2014 വരെയുള്ള ഐപിഎൽ സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നു. ഈ കാലയളവിൽ 2 തവണയാണ് കൊൽക്കത്ത ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. 2011 ൽ ഇന്ത്യയിൽ വെച്ച് നടന്ന ഏകദിന ലോകകപ്പിൽ ശ്രീലങ്ക ഫൈനലിലെത്തിയതും ബെയ്ലിസിന് കീഴിലായിരുന്നു.
അതേ സമയം ഐപിഎല്ലിലെ മികച്ച പരിശീലകരിലൊരാളായിരുന്നു ഇപ്പോൾ ഹൈദരാബാദ് വിട്ട ടോം മൂഡി. 7 വർഷങ്ങളാണ് അദ്ദേഹം സൺ റൈസേഴ്സിനെ പരിശീലിപ്പിച്ചത്. ഇതിൽ അഞ്ച് തവണ ഹൈദരാബാദ് പ്ലേ ഓഫിലെത്തിയപ്പോൾ 2016 ൽ കിരീടവും സ്വന്തമാക്കി.
🚨Announcement🚨
Trevor Bayliss, England's WC Winning coach, has been appointed as the new Head Coach of SunRisers Hyderabad. #SRHCoachTrevor pic.twitter.com/ajqeRUBym5
— SunRisers Hyderabad (@SunRisers) July 18, 2019