SHARE

പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്നുള്ള വിലക്കിനെത്തുടർന്ന് കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ഡേവിഡ് വാർണർക്ക് കളിക്കാനായിരുന്നില്ല. മുൻ സീസണുകളിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ നായകനായിരുന്നു വാർണർ. എന്നാൽ വാർണർ ടൂർണമെന്റിൽ നിന്ന് പുറത്തായതിനെത്തുടർന്ന് ന്യൂസീലൻഡ് താരം കെയിൻ വില്ല്യംസണെ സൺറൈസേഴ്സ് തങ്ങളുടെ നായകനായി പ്രഖ്യാപിച്ചു. സീസണിൽ ടീമിനെ ഫൈനലിലെത്തിച്ച് ഹൈദരാബാദ് ക്യാപ്റ്റൻസിയിൽ തകർപ്പൻ പ്രകടനമാണ് വില്ല്യംസൺ കാഴ്ച വെച്ചത്.

വിലക്ക് മാറിയ വാർണർ ഇക്കുറി ടീമിലേക്ക് തിരിച്ചെത്തുമ്പോൾ ഹൈദരാബാദിന്റെ നായക സ്ഥാനത്തേക്കെത്തുമോ എന്ന കാര്യത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ചർച്ചയാണ് നടക്കുന്നത്. എന്നാൽ ഇപ്പോളിതാ ഇക്കുറി ആരായിരിക്കും സൺ റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുകയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ടീം മെന്ററായ മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ.

ടീമിന്റെ ക്യാപ്റ്റൻസി, വൈസ് ക്യാപ്റ്റൻസി റോളുകൾ കഴിഞ്ഞ വർഷത്തേതിന് സമാനമായിരിക്കും ഇത്തവണയുമെന്ന് ലക്ഷ്മൺ പറയുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് കെയിൻ വില്ല്യംസണും, വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് ഭുവനേശ്വർ കുമാറുമാകും തുടരുക. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും ഐപിഎല്ലിൽ ടീമിനെ നയിക്കാനുള്ള നിയോഗമാണ് കെയിൻ വില്ല്യംസണിന് വന്നെത്തിയിരിക്കുന്നത്.