SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഇനി രണ്ടാഴ്ചയിൽത്താഴെ സമയം മാത്രം ബാക്കി നിൽക്കെ ആരാധകർക്ക് വമ്പൻ സർപ്രൈസ് നൽകി‌ സൺ റൈസേഴ്സ് ഹൈദരാബാദ്. തങ്ങളുടെ ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ വരുത്തിയ വമ്പൻ‌ വിലക്കുറവിലൂടെയാണ് സൺ റൈസേഴ്സ് ആരാധകരെ ഞെട്ടിച്ചത്.

ഈ മാസം 24 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കുന്ന എവേ മത്സരത്തോടെയാണ് സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഇത്തവണത്തെ ഐപിഎൽ സീസൺ തുടങ്ങുക. തുടർന്ന് മാർച്ച് 29-ം തീയതി രാജസ്ഥാൻ റോയൽസിനെതിരെയാണ് അവരുടെ ആദ്യ ഹോം മത്സരം. ഈ മത്സരത്തിലെ ടിക്കറ്റ് നിരക്കാണ് അവർ കുറച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ 25000 സീറ്റുകൾ 500 രൂപയ്ക്ക് ആരാധകർക്ക് നൽകുമെന്നാണ് സൺ റൈസേഴ്സ് കഴിഞ്ഞ‌ദിവസം പ്രഖ്യാപിച്ചത്.

തങ്ങളുടെ ആരാധകർക്കുള്ള സൺ റൈസേഴ്സിന്റെ ‌സ്നേഹ‌ സമ്മാനമാണിതെന്ന് അവർ പറയുന്നു. ടീമിന്റെ സൂപ്പർ താരം ഡേവിഡ് വാർണറാണ് സൺ റൈസേഴ്സ് ഹൈദരാബാദിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. മാർച്ച് പതിമൂന്നാം തീയതിയാകും 500 രൂപ നിരക്കിൽ ടിക്കറ്റ് സ്വന്തമാക്കാൻ ആരാധകർക്ക് അവസരം ലഭിക്കുക. ഇത്ര കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന സൺ റൈസേഴ്സ് ഹൈദരാബാദിനെ മറ്റ് ഐപിഎൽ ടീമുകളും മാതൃകയാക്കണമെന്നാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹം.