SHARE

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസണിന്റെ ഈ വർഷത്തെ ഐപിഎല്ലിലേക്കുള്ള വരവ് അല്പം വൈകുമെന്ന് സൂചന. വില്ല്യംസണിന്റെ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിന് വലിയ നിരാശ സമ്മാനിക്കുന്ന കാര്യമാണിത്. താരം കളിച്ചില്ലെങ്കിൽ സീസണിലെ ആദ്യ മത്സരങ്ങളിൽ ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയുടെ കരുത്ത് കുറയും.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു വില്ല്യംസണിന്റെ തോളിന് പരിക്കേറ്റത്. പരിക്കിനെ വകവെയ്കാതെ കളി തുടർന്ന വില്ല്യംസൺ, പിന്നീട് ബാറ്റിംഗിനിറങ്ങി 74 റൺസും നേടിയിരുന്നു‌. എന്നാൽ ബാറ്റിംഗിന് ശേഷം വേദന‌ കലശലായതിനെത്തുടർന്ന് വില്ല്യംസണെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന്റെ പരിക്ക് വിവരങ്ങൾ കൂടുതലായി പുറത്ത് വന്നത്.

അതേ സമയം പരിക്ക് മാറുന്ന ഉടൻ തന്നെ താരം ഐപിഎൽ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പടുന്നത്. എന്നാൽ ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളിൽ മാത്രമായി വില്ല്യംസൺ ഇല്ലാതെ വന്നാലും ഹൈദരാബാദിന് അത് വലിയ തലവേദനയാകും നൽകുക.