SHARE

ഐ പി എല്‍ താരങ്ങളെ നിലനിര്‍ത്തുന്നതിനുള്ള അവസാനതിയ്യതി അടുത്തിരിക്കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് യുവരാജിനെ നിലനിര്‍ത്തുന്നില്ലെന്ന് സൂചന. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായ ശിഖര്‍ ധവാനെയും ഡേവിഡ് വാര്‍ണറെയും ഭുവനേശ്വര്‍ കുമാറിനെയുമാണ് നിലനിര്‍ത്തുന്നതെന്ന് സണ്‍റൈസേഴ്‌സുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയതത്.

2016ല്‍ ടീമിലെത്തിയ യുവരാജിനെ കഴിഞ്ഞ വര്‍ഷവും സണ്‍റൈസേഴ്‌സ് നിലനിര്‍ത്തുകയായിരുന്നു. രണ്ട് സീസണുകളില്‍ സണ്‍റൈസേഴ്‌സിനായി കളത്തിലിറങ്ങിയ യുവരാജ് 22 മത്സരങ്ങളില്‍ നിന്ന് 488 റണ്‍സാണ് ടീമിന് വേണ്ടി നേടിയത്. എന്നാല്‍ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള യുവരാജിന് അദ്ദേഹത്തിന്റെ കായികക്ഷമതയാണ് തിരിച്ചടിയാവുന്നത്. ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യന്‍ ടീമിലെത്തുന്നതിനുള്ള കായികക്ഷമതാ പരീക്ഷയായ യോ-യോ ടെസ്റ്റ് യുവരാജ് പാസ്സായിരുന്നു.

എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കാനുള്ള ടീമില്‍ യുവരാജിന് സ്ഥാനം ലഭിച്ചില്ല. താരത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തുന്നില്ലെങ്കില്‍ താരത്തിന് വിനയാവുന്നതും ഇതേ ഫിറ്റ്‌നസാണ്. താരലേലത്തില്‍ യുവരാജിന്റെ ഫിറ്റ്‌നസിനെ സംബന്ധിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കുള്ളത് പോലെ ഐ പി എല്‍ ടീമുകളും സംശയം പ്രകടിപ്പിച്ചാല്‍ ഒരുപക്ഷ, ഈ വര്‍ഷത്തെ ഐ പി എല്ലില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ കൂറ്റനടിക്കാരനെ കാണാനാവില്ല.