SHARE

അയര്‍ലന്‍ഡില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ ആതിഥേയര്‍ക്ക് തകര്‍പ്പന്‍ ജയം. യുവതാരം ഗാരെത് ഡിലെനിയുടെ മാസ്മരിക ബാറ്റിംഗാണ് അയര്‍ലന്‍ഡിന് ജയം അനായാസമാക്കിയത്. ആദ്യം ബാറ്റുചെയ്ത സ്‌കോട്ടിഷ് പട 20 ഓവറില്‍ ഏഴുവിക്കറ്റിന് 193 റണ്‍സെടുത്തപ്പോള്‍ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി അയര്‍ലന്‍ഡ് ലക്ഷ്യം മറികടന്നു. 52 റണ്‍സും രണ്ടുംവിക്കറ്റും നേടിയ 22കാരനായ ഡിലെനിയാണ് കളിയിലെ താരം. ആന്‍ഡ്രു ബാല്‍ബേര്‍ണി 32 പന്തില്‍ 64 റണ്‍സെടുത്ത് ടോപ്‌സ്‌കോററായി.

ആദ്യം ബാറ്റുചെയ്ത സ്‌കോട്ട്‌ലന്‍ഡിന് മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത് 72 റണ്‍സെടുത്ത കലം മക്‌ലോര്‍ഡിന്റെ ഇന്നിംഗ്‌സാണ്. 42 പന്തില്‍ എട്ടു ബൗണ്ടറിയും രണ്ടു സിക്‌സറും ഉള്‍പ്പെടെയാണ് താരം ടോപ്‌സ്‌കോററായത്. ജോര്‍ജ് മുന്‍സിയും (34) തന്റെ സംഭാവന നല്കി. ബൗളിംഗ് ഓള്‍റൗണ്ടറായി ടീമിലെത്തിയ ഡിലെനി നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി.

ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗിന് അവസാന നിമിഷം പരിക്കേറ്റതോടെ കെവിന്‍ ഒബ്രയ്‌നൊപ്പം ഡിലെനിയെ ഇന്നിംഗ്‌സ് തുറക്കാന്‍ നിയോഗിച്ചു. കിട്ടിയ അവസരം മുതലാക്കിയ ഡിലെനി 28 പന്തില്‍ 57 റണ്‍സെടുത്താണ് മടങ്ങിയത്. എട്ടു ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്.