ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മാര്ട്ടിന് ഗുപ്റ്റില്‍ എടുത്ത ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. ലങ്കയുടെ വെടിക്കെട്ട് താരം തിസര പെരേരയെ പുറത്താക്കാനാണ് ന്യൂസിലന്‍ഡ് ഓപ്പണര്‍ പറന്നു പന്തുപിടിച്ചത്. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ മുപ്പത്തിയൊമ്പതാം ഓവറില്‍ ലൂക്കീ ഫെര്ഗൂസണ് എറിഞ്ഞ പന്തിലായിരുന്നു ഗുപ്റ്റില്‍ സൂപ്പര്‍മാനായത്. ബൗണ്ടറിക്ക് ശ്രമിച്ച പെരേരയെ ഒറ്റക്കൈയില്‍ പറന്നുപിടിച്ച് ഗുപ്റ്റില്‍ പുറത്താക്കി. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടക്കം പെരേര 63 പന്തില്‍ 80 റണ്‍സെടുത്തു.
മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയക്കെതിരെ കിവീസിന്റെ ജയം 115 റണ്‍സിനാണ്. സെഞ്ച്വറി നേടിയ റോസ് ടെയ്ലറാണ് കളിയിലെ താരം. സ്കോര്‍ ന്യൂസിലന്‍ഡ് 364/4,ശ്രീലങ്ക 249/10. ടോസ് നേടിയ ശ്രീലങ്ക കിവീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം ശരിയെന്ന് തോന്നിക്കുന്ന തരത്തില്‍ 30 റണ്‍ പിന്നിട്ടപ്പോഴേക്കും ന്യൂസിലന്‍ഡിന്റെ രണ്ട് വിക്കറ്റ് വീണു. എന്നാല്‍ തുടര്‍ന്ന് റോസ് ടെയ്ലറും കെയിന്‍ വില്യംസനും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. ഈ കൂട്ടുകെട്ട് 116 റണ്‍സ് പിന്നിട്ടപ്പോഴേക്ക് 55 റണ്‍സെടുത്ത വില്ല്യംസന് പുറത്തായി. പിന്നാലെ ടെയ്ലറിന് കൂട്ടായി ഹെന്റി നിക്കോള്‍സ് എത്തി. ടെയ്ലര് 137 റണ്‍സും നിക്കോള്‍ 124 റണ്‍സുമെടുത്തു.
കിവീസുയര്‍ത്തിയ 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ തുടക്കം മികച്ചതായിരുന്നു. ആദ്യ വിക്കറ്റ് അവര്‍ക്ക് നഷ്ടമായത് 68 റണ്‍സിലാണ്. രണ്ടാം വിക്കറ്റ് 107 റണ്‍സിലും. എന്നാല്‍ തുടര്‍ന്ന് കിവി ബൗളര്‍മാര്‍ കളം പിടിച്ചതോടെ ലങ്ക തകര്‍ന്നു കിവീസിനായി ലോക്കി ഫെര്ഗൂസന് നാലും ഇഷ് സോധി മൂന്നും വിക്കറ്റ് വീഴ്ത്തി.