SHARE

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ ക്രിസ് വോക്‌സിനെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്ത് പറന്നുപിടികൂടിയത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നു. വോക്‌സിന്റെ ബാറ്റിലുരസി വന്ന പന്ത് സ്മിത്ത് വലത്തോട്ട് പറന്ന് ഒറ്റകൈയില്‍ കുരുക്കുകയായിരുന്നു. ഇതൊക്കെ നിസാരം എന്ന ഭാവത്തിലായിരുന്നു ക്യാച്ചെടുത്ത ശേഷം സ്മിത്ത്. ഈ ക്യാച്ചിന് ശേഷം ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്‌സുമായാണ് സ്മിത്തിനെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്.

ഈ ആഷസില്‍ ഉടനീളം ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്ത് നടത്തുന്നത്. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഏറുകൊണ്ട് നിലത്തു വീണിരുന്നെങ്കില്‍ പരിക്കില്‍ നിന്ന് അതിവേഗം അദേഹം തിരിച്ചെത്തി. ഇത്തവണ ആഷസ് കിരീടം നിലനിര്‍ത്താന്‍ കങ്കാരുക്കളെ സഹായിച്ചതും സ്മിത്തിന്റെ പ്രകടനമാണ്.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 313 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജാക്ക് ലീച്ചും (5), ജോഫ്ര ആര്‍ച്ചറും (3) ആണ് ക്രീസില്‍. ഇംഗ്ലണ്ടിനിപ്പോള്‍ 382 റണ്‍സ് ലീഡായി. അര്‍ധ സെഞ്ചുറി നേടിയ ജോ ഡെന്‍ഡിലും(94) ബെന്‍ സ്റ്റോക്‌സുമാണ്(67) ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. പരമ്പര നഷ്ടമായെങ്കിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഈ മത്സരത്തിലെ ഫലം നിര്‍ണായകമാണ്.