SHARE

എ.ബി. ഡിവില്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് ദേശീയ ടീമില്‍ എത്തിയ താരമാണ് റീസ ഹെന്‍ഡ്രിക്‌സ്. എബിഡിക്ക് ഒപ്പം നില്ക്കുന്ന താരമാണ് താനെന്ന് ഹെന്‍ഡ്രിക്‌സ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ലീഗില്‍ വെറും 49 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയാണ് വെടിക്കെട്ട് താരം വാര്‍ത്തകളില്‍ നിറയുന്നത്.

ജോസി സ്റ്റാര്‍സിന് വേണ്ടി ഡര്‍ബന്‍ ഹീറ്റ്‌സിനെതിരേ ആയിരുന്നു റീസയുടെ കിടിലന്‍ പ്രകടനം. ആദ്യം ബാറ്റുചെയ്ത ജോസി സ്റ്റാര്‍സ് 20 ഓവറില്‍ അടിച്ചെടുത്തത് 230 റണ്‍സ്. ഹെന്‍ഡ്രിക്‌സ് 104 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ഡര്‍ബന്റെ പോരാട്ടം വെറും 177 റണ്‍സില്‍ അവസാനിച്ചു. 53 റണ്‍സിന്റെ ജയം സ്റ്റാര്‍സിന് സ്വന്തം. കഗിസോ റബാഡ 27 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ചുറിയാണ് റീസയിലൂടെ പിറന്നത്. 16 മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യ സെഞ്ചുറി. അടുത്തിടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഹെന്‍ഡ്രിക്‌സ് തന്റെ ആദ്യ ഏകദിന സെഞ്ചുറിയും നേടിയിരുന്നു.