SHARE

ഈ ജൂണിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള യുറു​ഗ്വെ മുന്നേറ്റതാരം എഡിൻസൻ കവാനിയുടെ കാരാർ അവസാനിക്കും. ഇതിനകം തന്നെ കുറച്ചേറെ മുന്നേറ്റനിരക്കാരുള്ള പി.എസ്.ജിയിൽ കരാർ പുതുക്കാൻ കവാനി താൽപര്യപ്പെടാൻ സാധ്യത തീരം കുറവാണ്. ഈ സാഹചര്യത്തിൽ സീസണൊടുവിൽ താരം ക്ലബ് വിട്ടേക്കുമെന്ന കാര്യം ഏതാണ്ടുറപ്പായിക്കഴിഞ്ഞു.

മൗറോ ഇക്കാർഡി കൂടി ടീമിലെത്തുകയും ഒപ്പം പരുക്കിന്റെ പിടിയിലാകുകയും ചെയ്തതോടെ ഈ സീസണിൽ കവാനിക്ക് ക്ലബിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇതോടെ ജനുവരയിൽ സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിലേക്ക് കൂടുമാറാൻ കവാനി ഒരുപാട് ശ്രമിച്ചിരുന്നു. എന്നാൽ ഇത് വിജയത്തിലെത്തിയില്ല. എങ്കിലും സീസൺ അവസാനത്തോടെ കവാനി ക്ലബ് വിടുമെന്ന സൂചന കിട്ടിയിരുന്നു.

കവാനി പി.എസ്.ജി വിടുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് അർജന്റൈൻ സൂപ്പർ ക്ലബ് ബോക്കാ ജൂനിയേഴ്സ്. ഫ്രാൻസിലെ ലെ എക്വിപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്ത. ഇക്കുറി അർജന്റൈ ലീ​ഗ് ജേതാക്കളായ ബോക്കയ്ക്ക് ഇനി കോപ്പാ ലിബെർട്ടഡോസിലടക്കം ഏറെ പ്രതീക്ഷകളുണ്ട്. ഇത് കൂടി മനസിൽ കണ്ടാണ് കവാനിയെ നോട്ടമിട്ടിരിക്കുന്നത്.

അർജന്റൈൻ സൂപ്പർതാരമായ കാർലോസ് ടെവെസ് ഇപ്പോൾ ബോക്കയിലുണ്ട്. ടെവെസും കവാനിയും ചേർന്ന കൂട്ടുകെട്ടാണ് ക്ലബ് മനസിൽ കാണുന്നത്. അതേസമയം തന്നെ ഇതുവരെ ഔദ്യോ​ഗിക നീക്കങ്ങളൊന്നും ബോക്ക താരത്തിനായി നടത്തിയിട്ടില്ലെന്നാണ് സൂചന. എന്നാൽ എന്നെങ്കിലും ബോക്കാ ജേഴ്സിയിൽ കളിക്കാനുള്ള താൽപര്യം മുമ്പ് കവാനി തന്നെ പ്രകടിപ്പിച്ചിട്ടുള്ളത് ക്ലബിന് ആത്മവിശ്വാസം പകരും.