SHARE

ആരാധകരില്ലാതെ ഫുട്ബോൾ ഒന്നുമല്ല എന്ന് വീണ്ടും തെളിയിക്കപ്പെട്ടു. കൊട്ടിഘോഷിച്ച് രൂപികരിച്ച യൂറോപ്യൻ സൂപ്പർ ലീ​ഗ് വിടരും മുമ്പെ കൊഴിഞ്ഞുവീഴുന്നതായി സൂചനകൾ. ക്ലബ് ആരാധകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന് പിന്നാലെ ഇം​ഗ്ലീഷ് ക്ലബുകൾ സൂപ്പർ ലീ​ഗിൽ നിന്ന് പിന്മാറി. ഇതോടെ സൂപ്പർ ലീ​ഗിന്റെ ഭാവി ആശങ്കയിലുമായി.

യൂറോപ്പിലെ വമ്പൻമാരായ 12 ക്ലബുകൾ ചേർന്നുള്ള സൂപ്പർ ലീ​ഗ് പ്രഖ്യാപിച്ചത് ഞായറാഴ്ചയായിരുന്നു. ഇതിനെതിരെ യുവേഫ കടുത്ത എതിർപ്പുമായി രം​ഗത്തെത്തി. പിന്നാലെ മുൻ താരങ്ങളും നിലവിലെ താരങ്ങളുമടക്കം സൂപ്പർ ലീ​ഗിനെ എതിർത്തുരം​ഗത്തെത്തി. ഇതിനപുറമെയാണ് ആരാധകരോക്ഷം.

ഇം​ഗ്ലീഷ് ക്ലബ് ചെൽസിയുടെ ആരാധകരാണ് സൂപ്പർലീ​ഗിനെതിരെ ഏറ്റവും കടുത്ത പ്രതിഷേധമുയർത്തിയത്. ഇന്നലെ ഹോം ​ഗ്രൗണ്ടായ സ്റ്റാഫോർഡ് ബ്രിഡ്ജിന് മുന്നിൽ തടിച്ചുകൂടി. ബ്രൈട്ടനെതിരായ മത്സരത്തിന് കളിക്കാരുമായെത്തിയ ബസ് കടത്തിവിടാതെ ആരാധകർ പ്രതിഷേധിച്ചു. ഈ സംഭവങ്ങൾക്ക് പിന്നാലെ സൂപ്പർ ലീ​ഗിൽ നിന്ന് പിന്മാറാനുള്ള നടപടികൾ തുടങ്ങിയതായി ചെൽസി അറിയിച്ചു. അധികം വൈകാതെ തന്നെ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ടോട്ടനം എന്നീ പ്രീമയർ ലീ​ഗ് ക്ലബുകളും സൂപ്പർ ലീ​ഗിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു.

സ്പാനിഷ് ക്ലബുകളായ റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലെറ്റിക്കോ മഡ്രിഡ് ഇറ്റാലിയൻ ക്ലബുകളായ യുവന്റസ്, എ.സി.മിലാൻ, ഇന്റർ മിലാൻ എന്നിവരാണ് സൂപ്പർ ലീ​ഗിന്റെ ഭാ​ഗമായ മറ്റ് ക്ലബുകൾ. ഇതിൽ തന്നെ ആരാധകർക്ക് താൽപര്യമില്ലെങ്കിൽ സൂപ്പർ ലീ​ഗിലുണ്ടാകില്ലെന്ന് ബാഴ്സ അറിയിച്ചു കഴിഞ്ഞു. അത്ലെറ്റിക്കോ മഡ്രിഡും, എ.സി.മിലാനും ലീ​ഗിൽ നിന്ന് പിന്മാറാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഇക്കാര്യത്തിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ ലീ​ഗിൽ നിന്ന് പിന്മാറിയാൽ ക്ലബുകൾ വലിയ പിഴത്തുക കെട്ടേണ്ടിവരും. അതേസമയം തന്നെ സൂപ്പർ ലീ​ഗ് പിരിച്ചുവിടാൻ തീരുമാനമായാൽ ഈ പ്രശ്നമുണ്ടാകില്ല. ആരാധകരോക്ഷത്തിന് പുറമെ ഇം​ഗ്ലണ്ടിലടക്കം സർക്കാർ തന്നെ എതിരായി നിൽക്കുന്ന സാഹചര്യത്തിൽ സൂപ്പർ ലീ​ഗുമായി മുന്നോട്ടുപോകാൻ പ്രയാസമായിരിക്കും. മിക്കവാറും വെള്ളിയാഴ്ചയ്ക്ക് മുമ്പ് സൂപ്പർ ലീ​ഗിന്റെ ഭാവിയെക്കുറിച്ച് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.