SHARE

ചെന്നൈയിന്‍ എഫ് സിക്കെതിരെ കൊച്ചിയില്‍ നിര്‍ണ്ണായക മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന ഹോം മത്സരത്തിന് മുമ്പ്  സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ ബ്ലാസ്റ്റേഴ്സ്  നല്ല രീതിയിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാല്‍ ചെന്നൈയിന്‍ ആരാധകരായ സൂപ്പര്‍ മച്ചാന്‍സും ഇത്തവണ ഒരുങ്ങിത്തന്നെയാണ്.

സ്റ്റേഡിയത്തില്‍ ഇ ബ്ലോക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചെന്നൈയിന്‍ ആരാധകരോട് ആവശ്യപ്പെട്ടിട്ടാണ് സൂപ്പര്‍ മച്ചാന്‍സ് രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരാധകക്കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുള്ളത്.

അവസാനം കളിച്ച നാലു മത്സരങ്ങളില്‍ പരാജയമറിയാത്ത ബ്ലാസ്റ്റേഴ്സ് വലിയ ആവേശത്തിലാണ് കളത്തിലിറങ്ങുന്നത്. ചെന്നൈയിനാകട്ടെ, ഒരു മത്സരം കൂടി വിജയിച്ച് പ്ലേ ഓഫ് സാധ്യത സജീവമാക്കുന്നതിനുള്ള തയ്യാറെടുപ്പിലും.

നിലവില്‍ 16 മത്സരങ്ങളില്‍ 24 പോയന്റോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാമതാണ്. ചെന്നൈയിനാകട്ടെ, 16 മത്സരങ്ങള്‍ കളിച്ച് 28 പോയന്റോടെ മൂന്നാം സ്ഥാനത്താണ്. അത് കൊണ്ട് തന്നെ നാളെ നടക്കുന്ന മത്സരം ഇരുടീമുകള്‍ക്കും നിര്‍ണ്ണായകമാണ്.