SHARE

സ്പാനിഷ് സൂപ്പർ ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന്റെ ​ഗോൾ കീപ്പർ ജാൻ ഒബ്ലാക്ക് ക്ലബുമായി കരാർ പുതുക്കി. 2023 വരെയാണ് സ്പാനിഷ് വമ്പന്മാരുമായി സ്ലൊവേനിയൻ ​ഗോളിയായ ഒബ്ലാക്ക് കരാർ നീട്ടിയത്.

26 കാരനായ ഒബ്ലാക്ക് 2014-ലാണ് അത്ലെറ്റിക്കോ മഡ്രിഡിലെത്തുന്നത്. തിബൗട്ട് കോർട്ട്വ ചെൽസിയിലേക്ക് പോയ ഒഴിവിലായിരുന്നു ഒബ്ലാക്കിന്റെ വരവ്. തുടർന്ന് ഇതുവരെ ക്ലബിന്റെ വിശ്വസ്തനായ കാവൽകാരനാണ് ഒബ്ലാക്ക്. അത്ലെറ്റിക്കോയ്ക്കായി ഇതുവരെ ​ഗോൾവല കാത്ത 203 മത്സരങ്ങളിൽ 115-ലും ക്ലീൻ ഷീറ്റ് കൈവരിച്ചു എന്നത് മാത്രം മതി ഒബ്ലാക്കിന്റെ മികവറിയാൻ. ഈ സീസണിൽ ഇതുവരെ കളിച്ച 32 ലീ​ഗ് മത്സരങ്ങളിൽ നിന്ന് 21 ​ഗോൾ മാത്രമാണ് ഒബ്ലാക്ക് വഴങ്ങിയത്. 18 മത്സരങ്ങളിലും ക്ലീൻ ഷീറ്റും കൈവരിച്ചിരുന്നു.

​ഗോൾവലയ്ക്ക് മുന്നിൽ കിടിലൻ പ്രകടനം നടത്തുന്ന ഒബ്ലാക്കിനായി വിവിധ ക്ലബുകൾ ശ്രമം നടത്തിയിരുന്നു. എന്നാൽ 30 വയസ് വരെ അത്ലെറ്റിക്കോയ്ക്കൊപ്പം കൂടാൻ തന്നെ ഒബ്ലാക്ക് തീരുമാനിക്കുകയായിരുന്നു. പ്രതിരോധനിരയിലെ കരുത്തനും ടീം നായകനുമായ ഡീ​ഗോ ​ഗോഡിൻ സീസണവസാനം ക്ലബ് വിടും. ഈ സാഹചര്യത്തിൽ ഒബ്ലാക്ക് ടീമിൽ തുടരുന്നത് പരിശീലകൻ ഡീ​ഗോ സിമിയോണിക്ക് ആശ്വാസമാണ്.