SHARE

ഐലീഗ് ക്ലബ്ബുകളുടെ പ്രതിഷേധങ്ങൾക്കിടയിൽ രണ്ടാമത് സൂപ്പർ കപ്പിന് ഇന്ന് ഭുവനേശ്വറിൽ തുടക്കമാകും. കേരളത്തിന്റെ സ്വന്തം ടീമായ കേരളാ‌ ബ്ലാസ്റ്റേഴ്സിന്റെ യോഗ്യതാ മത്സരവും ഇന്ന് നടക്കും. രാത്രി 8.30 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഐലീഗിലെ യുവ നിരയായ ഇന്ത്യൻ ആരോസാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

പൂനെ സിറ്റിയും, മിനർവ്വ പഞ്ചാബും തമ്മിലായിരുന്നു ഇന്നത്തെ ആദ്യ മത്സരം നടക്കേണ്ടതെങ്കിലും. മിനർവ്വ പഞ്ചാബ് സൂപ്പർ കപ്പിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ ഈ മത്സരം നടക്കാൻ സാധ്യതയില്ല. അതേ സമയം ഐ എസ് എല്ലിലെ നിരാശ മറികടക്കാൻ സൂപ്പർ കപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രമേ ടീമിന് സൂപ്പർ കപ്പിന്റെ അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാവൂ. ഐലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യൻ ആരോസിന്റെ വരവെങ്കിൽ ഐ എസ് എല്ലിലെ ഒൻപതാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്.