SHARE

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ കപ്പ് ഇക്കുറി തിരിച്ചെത്തുകയാണ്. ഏപ്രിൽ 8 മുതൽ 25 വരെ കേരളത്തിലാണ് ഇക്കുറി സൂപ്പർ കപ്പ് അരങ്ങേറുന്നത്. ഐഎസ്എല്ലിലും ഐ-ലീ​ഗിൽ നിന്നുമായി 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.

ഐഎസ്എല്ലിലെ പതിനൊന്ന് ടീമുകളും ഐ-ലീ​ഗ് ചാമ്പ്യന്മാരും സൂപ്പർ കപ്പിന്റെ ​ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോ​ഗ്യത നേടും. ബാക്കി നാല് സ്ഥാനങ്ങൾക്കായി ഐ-ലീ​ഗീ സീസണിൽ രണ്ട് മുതൽ പത്ത് സ്ഥാനങ്ങളിൽ വരെ ഫിനിഷ് ചെയ്തവർ തമ്മിൽ യോ​ഗ്യാതപോരാട്ടം നടത്തും. അതേസമയം സീസൺ അവസാനിച്ചശേഷമാണ് സൂപ്പർ കപ്പ് നടത്തുന്നതെങ്കിലും ഏഎഫ്സി കപ്പ് കളിക്കാനുള്ള സാധ്യത മുന്നിലുള്ളത് ടീമുകൾക്ക് പ്രധാന ടീമുകളെയിറക്കാൻ പ്രചോദനമാകും.

ഈ വർഷത്തെ സൂപ്പർ കപ്പ് ജേതാക്കൾക്ക് ഏഎഫ്സി കപ്പിൽ കളിക്കാനാണ് സാധ്യത തെളിയുന്നത്. നിലവിൽ ഐ-ലീ​ഗ് ജേതാക്കൾക്കാണ് ഏഎഫ്സി കപ്പിലേക്ക് യോ​ഗ്യത ലഭിക്കുക. എന്നാൽ ഇക്കുറി സൂപ്പർ കപ്പ് ജേതാക്കളാകുന്ന ടീം കഴിഞ്ഞ ഐ-ലീ​ഗ് ജേതാവായ ​ഗോകുലം കേരളയുമായി ഏറ്റുമുട്ടണം. ഇതിലെ വിജയികളാകും 2023-24 ഏഎഫ്സി കപ്പ് കളിക്കുക.

അതേസമയം തന്നെ അടുത്ത വർഷം മുതൽ സൂപ്പർ കപ്പ് സീസൺ അവസാനിച്ചശേഷം നടത്തുന്ന പോരാട്ടമായിരിക്കില്ല എന്നാണ് ഏഐഎഫ്എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറയുന്നത്. ഏഐഎഫ്എഫ് റോഡ് മാപ്പ് പ്രകാരം ഒരു നോക്കൗട്ട് ടൂർണമെന്റ് വേണ്ടതുണ്ട്, അതിനാൽ തന്നെ മറ്റ് രാജ്യങ്ങളിലേതുപോലെ കപ്പ് ടൂർണമെന്റ് ഐഎസ്എല്ലിന്റേയും ഐ-ലീ​ഗിന്റേയും ഒപ്പം നടത്താനാണ് പദ്ധതിയിടുന്നത്, ഷാജി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.