SHARE

മിഥാലി രാജ് നയിച്ച വെലോസിറ്റിയെ 12 റൺസിന് പരാജയപ്പെടുത്തി ഹർമൻ പ്രീത് കൗർ ക്യാപ്റ്റനായ സൂപ്പർ നോവാസ് വിമൻസ് ടി20 ചലഞ്ചിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ടൂർണമെന്റിൽ മത്സരിച്ച മൂന്ന് ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചിരുന്നു. ഇതോടെ നെറ്റ് റൺ അടിസ്ഥാനത്തിലാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. മികച്ച നെറ്റ് റൺ റേറ്റോടെ ആദ്യ രണ്ട് സ്ഥാനത്ത് വന്ന സൂപ്പർ നോവാസ്, വെലോസിറ്റി ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക, സ്മൃതി മന്ദാന നയിച്ച ട്രെയിൽബ്ലേസേഴ്സ് ടീമാണ് ഫൈനലിലെത്താതെ പുറത്തായത്.

ഫൈനലിലെത്തണമെങ്കിൽ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 12 റൺസിന്റെ തകർപ്പൻ വിജയമായിരുന്നു സൂപ്പർ നോവാസ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൂപ്പർ നോവാസ്, 48 പന്തിൽ 77 റൺസ് നേടിയ ജെമീമ റൊഡ്രീഗസിന്റെ മികവിൽ 142/3 എന്ന മികച്ച സ്കോർ നേടി. വിജയ ലക്ഷ്യം പിന്തുടർന്ന വെലോസിറ്റിക്ക് വേണ്ടി 43 റൺസെടുത്ത ഡാനിയേല വ്യാറ്റും, 40 റൺസെടുത്ത മിഥാലി രാജുംപൊരുതി നോക്കിയെങ്കിലും നിശ്ചിത 20 ഓവറുകളിൽ 130/3 എന്ന സ്കോർ നേടാനേ വെലോസിറ്റിക്ക് കഴിഞ്ഞുള്ളൂ.