SHARE
file image

ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് നല്‍കിയ അപ്പീലില്‍ സുപ്രീംകോടതിയുടെ അനുകൂലവിധി. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ഇതോടെ ആഭ്യന്തര, വിദേശ ലീഗുകളില്‍ താരത്തിന് കളിക്കാനുള്ള അവസരം ഒരുങ്ങി.

വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനത്തിന് എതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. 2013ലെ ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ശ്രീശാന്ത് ഒത്തു കളിച്ചതിന് തെളിവുണ്ടെന്നാണ് ഹര്‍ജിയെ എതിര്‍ത്ത് ബിസിസിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്നും ഭീഷണിപ്പെടുത്തിയാണ് പോലീസ് തന്റെ ആദ്യ കുറ്റസമ്മത മൊഴി ലഭ്യമാക്കിയതെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം.

കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാം ഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു ശ്രീശാന്തിന്റെ വാഗ്ദാനം. തുടര്‍ന്ന് മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു. തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപറ്റിയെന്ന് ഡെല്‍ഹി പോലീസ് സ്ഥിരീകരിച്ചു.