SHARE

ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ലോകകപ്പ് ഇന്ത്യ തന്നെ സ്വന്തമാക്കുമെന്ന് സുരേഷ് റെയ്‌ന. ദേശീയ ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്തു നില്ക്കുന്ന റെയ്‌നയ്ക്ക് ടീം ഇന്ത്യ കിരീടമുയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എംഎസ് ധോണിയുടെ സാന്നിധ്യം വിരാടിന് നല്കുന്ന ആത്മവിശ്വാസം ചെറുതൊന്നുമാകില്ലെന്നും റെയ്‌ന പറയുന്നു.

തന്റെ വ്യക്തിഗത പ്രകടനത്തോടൊപ്പം ടീമിലെ യുവ താരങ്ങള്‍ക്ക്, പ്രത്യേകിച്ചും ബൗളര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കിയത് ഓസ്‌ട്രേലിയയില്‍ ടീമിന് വളരെയധികം ഉപകരിച്ചുവെന്ന് റെയ്‌ന പറയുന്നു. കരിയറില്‍ ഒരുപാട് ഉയര്‍ച്ചതാഴ്ച്ചകള്‍ കണ്ട വ്യക്തിയാണ് ധോണി. ഇതിന്റെ അനുഭവ സമ്പത്ത് ഇന്ത്യന്‍ നായകന് മുതല്‍കൂട്ടാകും. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധോണിക്കുള്ള കഴിവ് അപാരമാണെന്ന് റെയ്‌ന ചൂണ്ടിക്കാട്ടുന്നു.

-Advertisement-

കോഹ്‌ലി വളരെ വ്യത്യസ്തമായി കളിക്കുന്ന താരമാണെന്നും റെയ്‌ന പറയുന്നു. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കുന്നതില്‍ കോഹ്‌ലിക്ക് അസാമാന്യ കഴിവുണ്ട്. ഏത് ഫോര്‍മാറ്റിലും റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള കോഹ്‌ലി കളി ജയിക്കുന്നത് ലഹരിയായി കൊണ്ടു നടക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് റെയ്‌ന പറയുന്നു.