SHARE

സൂപ്പർ‍ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങളുമായി പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്ക. സീസണൊടുവിൽ ക്ലബ് വിടുന്ന ബ്രൂണോ ലാ​ഗെയ്ക്ക് പകരം ബെൻഫിക്ക പോച്ചെറ്റീനോയെ നോട്ടമിട്ട വാർത്ത ഫുട്ബോൾ ലോകത്തിന് അമ്പരപ്പാണ് സമ്മാനിച്ചിരിക്കുന്നത്.

ഇം​ഗ്ലീഷ് ക്ലബ് ടോട്ടനത്തിന്റെ പരിശീലകസ്ഥാനത്ത് നിന്ന് കഴിഞ്ഞ നവംബറിലാണ് പോച്ചെറ്റീനോ പുറത്തായത്. തുടർന്ന് ഒരു ക്ലബിലും ചേരാതിരുന്ന പോച്ചെറ്റീനോയ്ക്കായി യൂറോപ്പിലെ ഒട്ടേറെ വൻ ക്ലബുകൾ രം​ഗത്തെത്തിയിരുന്നു. പുതിയ ഉടമകളെത്താനുള്ള ന്യൂകാസിലാണ് ഏറ്റവുമൊടുവിൽ പോച്ചെറ്റീനോയിൽ താൽപര്യം പ്രകടിപ്പിച്ചത്. ഇതിനിടെയാണിപ്പോൾ ബെൻഫിക്കയുടെ സർപ്രൈസ് നീക്കം.

-Advertisement-

ബെൻഫിക്കയ്ക്ക് പോച്ചെറ്റീനോയിൽ താൽപര്യമുണ്ടെന്നും വമ്പൻ പ്രതിഫലം വാ​ഗ്ദാനം ചെയ്യാൻ ഒരുക്കമാണെന്നും ഒട്ടുമിക്ക യൂറോപ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം തന്നെ പോർച്ചു​ഗലിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത് പോച്ചെറ്റീനോ ക്ലബുമായി ചർച്ച നടത്തുന്നുണ്ടെന്നാണ്.

യൂറോപ്പിലെ തന്നെ ഏതെങ്കിലും വൻ ക്ലബിലെ അവസരം മുന്നിലുള്ളപ്പോൾ പോച്ചെറ്റീനോ ബെൻഫിക്കയിലേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം അത്ഭുതങ്ങൾ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല എന്ന് വാദിക്കുന്നവരുമുണ്ട്.