SHARE

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി അടുത്ത സീസണ് മുൻപ് ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ താരത്തിന്റെ പകരക്കാരനായി മറ്റൊരു അർജന്റൈൻ താരം പൗളോ ഡിബാലയെ ടീമിലെത്തിക്കാനാണ് ബാഴ്സലോണയുടെ പദ്ധതികളെന്ന് സൂചന ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർടാണ് ഇപ്പോൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് മെസിക്ക് പകരക്കാരനായി ഒരു താരത്തെ ബാഴ്സലോണ പരിഗണിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

ഇത്തവണ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് ബാഴ്സലോണ നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതിൽ അസ്വസ്ഥനായ മെസി ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ടീം വിട്ടേക്കുമെന്ന് സൂചനകൾ പുറത്ത് വന്നിരുന്നു. ഒരു സീസൺ കൂടി ബാഴ്സലോണയുമായി കരാർ ബാക്കിയുള്ള താരം പുതിയ കരാറിൽ ഒപ്പിടാൻ ഇത് വരെ തയ്യാറായിട്ടില്ല. ഡിബാലയാകട്ടെ യുവന്റസുമായും പുതിയ കരാറിൽ ഒപ്പു വെച്ചിട്ടില്ല. പ്രതിഫലം സംബന്ധിച്ച് ക്ലബ്ബുമായി ധാരണയിൽ എത്താത്തതാണ് ഇതിന് കാരണം. നിലവിൽ യുവന്റസ് നൽകുന്നതിനേക്കാൾ ഇരട്ടി പ്രതിഫലമാണ് പുതിയ കരാർ ഒപ്പിടാനായി ഡിബാല ചോദിക്കുന്നത്.

മെസിയ്ക്ക് നൽകുന്ന വമ്പൻ പ്രതിഫലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിബാലയെ സ്വന്തമാക്കാൻ ബാഴ്സലോണയ്ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. ഇത് കൊണ്ടു‌ തന്നെ മെസി ക്ലബ്ബ് വിടുകയാണെങ്കിൽ പകരം ഡിബാലയെ‌ മുന്നേറ്റത്തിലെത്തിക്കാൻ അനായാസം കഴിയുമെന്നാണ് ബാഴ്സലോണ കരുതുന്നത്.