SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് എവർട്ടന്റെ പുതിയ പരിശീലകൻ ആരാകുമെന്ന കാര്യത്തിൽ ആകാംഷ തുടങ്ങിയിട്ട് കുറച്ചു​ദിവസങ്ങളായി. സ്പാനിഷ് പരിശീലകനായിരുന്ന റാഫേൽ ബെനിറ്റസിനെ പുറത്താക്കിയ ഒഴിവിലേക്ക് പുതിയ ആൾ എത്തുമെന്ന് ഉറപ്പാണ്. ക്ലബിന്റെ മുൻ സൂപ്പർതാരവും സഹപരിശീലകനുമായ ഡം​ഗൻ ഫെർ​ഗൂസനാണ് നിലവിൽ ഇടക്കാല ചുമതല വഹിക്കുന്നത്.

എവർട്ടന്റെ അടുത്ത പരിശീലകസ്ഥാനത്തക്ക് ആദ്യം പരി​ഗണിച്ച പേര് റോബർട്ടോ മാർട്ടിനെസിന്റേതാണ്. ക്ലബിന്റെ മുൻ പരിശീലകൻ കൂടിയായ മാർട്ടിനെസ് നിലവിൽ ബെൽജിയം ദേശീയ ടീമിന്റെ ചുമതലവഹിക്കുകയാണ്. എവർട്ടനിലേക്ക് തിരിച്ചുവരവിന് മാർട്ടിനെസ് തയ്യാറാണെന്നാണ് സൂചന. എന്നാൽ ഖത്തർ ലോകകപ്പിന് തയ്യാറെടുക്കവെ മാർട്ടിനെസിനെ വിട്ടുകളയില്ല എന്ന നിലപാടിലാണ് ബെൽജിയം അധികൃതർ.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പോർച്ചു​ഗീസ് പരിശീലകൻ വിറ്റർ പെരേയ്രയെയാണ് എവർട്ടൻ ഏറ്റവുമൊ‌‌ടുവിൽ സമീപിച്ചത്. വിറ്റർ ഇം​ഗ്ലണ്ടിലെത്തി എവർട്ടൻ അധികൃതരുമായി ചർച്ച നടത്തുമെന്നാണ് പ്രശസ്ത ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്. എന്നാൽ എവർട്ടൻ ഇപ്പോഴും അന്തിമ തീരുമാനം എടുത്തില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

53-കാരനായ വിറ്റർ പോർച്ചു​ഗലിലെ സൂപ്പർക്ലബ് പോർട്ടോ, ​ഗ്രീക്ക് വമ്പന്മാരായ ഒളിംപിയാക്കോസ്, ചൈനീസ് കരുത്തരായ ഷാങ്ഹായ് സിപ്ജ് തുടങ്ങിയവരെ കിരീടനേട്ടങ്ങളിലേക്ക് കൈപിടിച്ചുനയിച്ചാണ് ശ്രദ്ധേയനായത്. തുർക്കി ക്ലബ് ഫെനെർബാഷെയിലാണ് ഒടുവിൽ വിറ്റർ പ്രവർത്തച്ചത്. മുമ്പും പലതവണ എവർട്ടൻ ഒപ്പം കൂട്ടാൻ ശ്രമിച്ച പരിശീലകനാണ് വിറ്റർ.