SHARE

നാലാം ഏകദിനത്തിലെ നിർണായക ഓവറുകൾ സ്പിന്നർമാരെ കൊണ്ട് എറിയിക്കാൻ കോഹ്ലി തീരുമാനിച്ചത് തന്നെ തീർത്തും അദ്ഭുതപ്പെടുത്തിയെന്ന് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ വിജയശില്പിയായ ഹെന്രിച്ച് ക്ലാസൻ. താൻ ഒരിക്കലും കോഹ്ലിയിൽ നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ആ തീരുമാനം തങ്ങൾക്കനുകൂലമായി മാറിയെന്നും ക്ലാസൻ കൂട്ടിച്ചേർത്തു.

ഡേവിഡ് മില്ലറും താനും പേസ് ബൗളർമാരെ പ്രതീക്ഷിച്ച് നിൽക്കുമ്പോളാണ് ഇന്ത്യൻ സ്പിന്നർമാർ പന്തെറിയാൻ വന്നത്. മുൻ മത്സരങ്ങളിൽ അവർ തിളങ്ങിയതാവാം അതിന് ചിലപ്പോൾ കാരണം. പക്ഷേ എപ്പോളും അത് വിജയിക്കണമെന്നില്ല. ക്ലാസൻ പറഞ്ഞ് നിർത്തി.

മഴ വില്ലനായെത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമം അനുസരിച്ച് 28 ഓവറിൽ 202 റൺസായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യമായി നിശ്ചയിച്ചത്. മത്സരത്തിന്റെ നിർണായക നിമിഷങ്ങളിൽ റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവിനേയും, യുസ്വേന്ദ്ര ചഹലിനേയും പന്തേൽപ്പിക്കാനായിരുന്നു കോഹ്ലി തീരുമാനിച്ചത്. പേസർമാരായ ഭുവനേശ്വർ കുമാറും, ജസ്പ്രീത് ബുംറയും മികച്ച രീതിയിൽ പന്തെറിഞ്ഞ് നിൽക്കുകയായിരുന്നിട്ടും കോഹ്ലി സ്പിന്നർമാരിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു.

വിരാട് കോഹ്ലിയുടെ അമിതമായ ഈ ആത്മവിശ്വാസം ടീം ഇന്ത്യയെ മത്സരത്തിൽ പിന്നോട്ടടിക്കുകയും ചെയ്തു. 11.3 ഓവറുകളിൽ 119 റൺസാണ് ഇന്ത്യൻ സ്പിന്നർമാർ മത്സരത്തിൽ വിട്ടു കൊടുത്തത്.

പരമ്പരയിലെ ആദ്യ ജയമാണ് ഇന്നലത്തെ മത്സരത്തോടെ ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച ടീംഇന്ത്യയാണ് നിലവിൽ പരമ്പരയിൽ മുന്നിട്ട് നിൽക്കുന്നത് (3-1). ഫെബ്രുവരി പതിമൂന്നിന് പോർട്ട് എലിസബത്തിൽ ഇരുവരും തമ്മിലുള്ള അഞ്ചാം ഏകദിനം നടക്കും.