SHARE

പന്തു ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കൗണ്ടി ടീം സറേ കോച്ച് മൈക്കല്‍ ഡി വെനൂറ്റോ. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിലാണ് ഓസീസ് താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തു ചുരണ്ടിയത്.

പിന്നീട് ഇത് സ്മിത്തും വാര്‍ണറും അറിഞ്ഞിട്ടാണെന്ന് വ്യക്തമായതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇരുവരെയും ഒരു വര്‍ഷത്തേക്ക് വിലക്കി. ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസത്തെ വിലക്കും നല്‍കി. എന്നാല്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ സി ബി) അനുവദിക്കുകയാണെങ്കില്‍ സ്മിത്തിനെയും വാര്‍ണറെയും ടീമിലെത്തിക്കുന്നതിന് ഒരു തടസ്സവുമില്ലെന്ന് സറേ പരിശീലകന്‍ പറയുന്നു. ‘ അവര്‍ ക്രിക്കറ്റ് കളിക്കാന്‍ പറ്റിയ മാനസികാവസ്ഥയിലാണെങ്കില്‍, ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അനുവദിക്കുകയാണെങ്കില്‍, ഇത്രയും മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് എന്ത് തടസ്സമാണുള്ളത്’ – വെനൂറ്റോ പറഞ്ഞു.

ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ഇരുവരെയും ടീമിലെത്തിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്ക് നല്‍കിയതിനാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐ പി എല്ലില്‍ കളിക്കാനുള്ള അനുമതി ബി സി സി ഐ താരങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. ഐ പി എല്ലിൽ വാര്‍ണറെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സും നായകന്‍മാരായി നേരത്തെ പ്രഖ്യാപിച്ചതായിരുന്നു. അതിനു ശേഷമാണ് ഇരുവർക്കും ഐ പി എൽ നഷ്ടമാവുന്നത്.