SHARE

പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് ജീവന്‍ വയ്ക്കാന്‍ ജയം അനിവാര്യമായിരുന്ന മുംബൈ ഇന്ത്യന്‍സിന് ഐപിഎല്ലില്‍ മൂന്നാം ജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ആവേശത്തെ 6 വിക്കറ്റിനാണ് മുംബൈ മറികടന്നത്. സൂര്യകുമാര്‍ യാദവ് തുടക്കമിട്ട കടന്നാക്രമണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് പൂര്‍ത്തിയാക്കി. 42 പന്തില്‍ 57 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 11 പന്തില്‍ 33 റണ്‍സെടുത്ത ക്രൂണാലിന്റെ ബാറ്റിംഗ് മുംബൈ ജയത്തില്‍ നിര്‍ണായകമായി. രോഹിത് 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സ്‌കോര്‍ പഞ്ചാബ് 174-6, മുംബൈ 176-4.

ബാറ്റിംഗിനെ തുണയ്ക്കുന്ന ഇന്‍ഡോറിലെ പിച്ചില്‍ അത്ര വലിയ ലക്ഷ്യമായിരുന്നില്ല മുംബൈയ്ക്ക് പിന്തുടരേണ്ടിയിരുന്നത്. ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും എവിന്‍ ലൂയിസും ശ്രദ്ധയോടെ തുടങ്ങിയതോടെ ആദ്യ ഓവറുകളില്‍ റണ്‍സ് വരുന്നത് കുറഞ്ഞു. പവര്‍പ്ലേയുടെ അവസാന ഓവറില്‍ 13 പന്തില്‍ 10 റണ്‍സെടുത്ത ലൂയിസിനെ മുജീബ് ഉര്‍ റഹ്മാന്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. പതിവില്‍ നിന്നു വ്യത്യസ്തമായി രോഹിത് ശര്‍മയ്ക്കു പകരം ഇഷാന്‍ കിഷനാണ് വണ്‍ഡൗണായി ക്രീസിലെത്തിയത്.

തുടക്കത്തിലെ പതറിയ കിഷാന് കൂടുതല്‍ സമ്മര്‍ദം നല്കാതെ മറുവശത്ത് സൂര്യകുമാര്‍ ആക്രമിച്ചു കളിച്ചു. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ സൂര്യകുമാറിനെ മാര്‍ സ്റ്റോയിനിസ് വീഴ്ത്തി. 42 പന്തില്‍ 57 റണ്‍സായിരുന്നു ഓപ്പണറുടെ സമ്പാദ്യം. മൂന്നു സിക്‌സറുകളടക്കം 18 പന്തില്‍ 25 റണ്‍സെടുത്ത കിഷാനും തൊട്ടടുത്ത ഓവറില്‍ വീണു. മുജീബിന്റെ രണ്ടാം വിക്കറ്റ്. ഹര്‍ദിക് പാണ്ഡ്യയ്ക്കു കൂട്ടായി രോഹിത് ക്രീസിലെത്തിയതോടെ മുംബൈ വീണ്ടും ട്രാക്കിലായി. പഞ്ചാബിന് ഭീഷണിയായി സഖ്യം വളര്‍ന്നതോടെ കളി ആവേശകരമായി.

ആന്‍ഡ്രു ടൈയുടെ പന്തില്‍ 23 റണ്‍സെടുത്ത ഹര്‍ദിക് പുറത്തായെങ്കിലും രോഹിത് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്തതോടെ മുംബൈ വിജയതീരത്തെത്തി. ഹര്‍ദിക് ആയിരുന്നു കൂടുതല്‍ അപകടരകാരി. പഞ്ചാബ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഓള്‍റൗണ്ടര്‍ക്ക് കൃത്യമായി സ്‌ട്രൈക്ക് കൈമാറി രോഹിത് മികച്ച പങ്കാളിയായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ തുടങ്ങി. ആദ്യം വെടിക്കെട്ട് തുടങ്ങിയ രാഹുല്‍ പതിയെ ആ ഉത്തരവാദിത്വം ഗെയ്‌ലിനെ ഏല്‍പ്പിച്ചു. എന്നാല്‍ പവര്‍പ്ലേക്ക് ശേഷമുള്ള ആദ്യ ഓവറില്‍ സ്പിന്നര്‍ മായങ്ക് മര്‍ക്കണ്ഡേ രാഹുലിനെ പവലിയനിലേക്ക് അയച്ചു. 20 പന്തില്‍ 24 റണ്‍സാണ് രാഹുല്‍ നേടിയത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ബൗണ്ടറികളടിച്ച് റണ്‍സ് കണ്ടെത്തിയ ഗെയ്ല്‍ സ്‌കോറിനെ മുന്നോട്ടു നയിച്ചു.

യുവരാജ് സിംഗ് സിക്‌സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും മെല്ലെപ്പോക്ക് തുടര്‍ന്ന്. 40 പന്തില്‍ 50 റണ്‍സെടുത്ത ഗെയ്ല്‍ ബെന്‍ കട്ടിംഗിന് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ യുവരാജ് 14 പന്ത് നേരിട്ട് 14 റണ്‍സെടുത്ത് റണ്ണൗട്ടായി. ആറു ബൗണ്ടറികളും രണ്ടു സിക്‌സുകളും അടങ്ങിയതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. കരുണ്‍ നായര്‍ 12 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് മാര്‍ക്കസ് സ്റ്റോയിനിസ് അവസാന ഓവര്‍ പഞ്ചാബിന് അനുകൂലമാക്കി. 15 പന്തില്‍ 29 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. എന്നാല്‍ അഗര്‍വാള്‍ 11 റണ്‍സെടുത്ത് ആ ഓവറില്‍ പുറത്താവുകയും ചെയ്തു.