സമീപകാലത്തായി ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിരതയോടെ ബാറ്റ് വീശുന്ന താരങ്ങളിലൊരാളാണ് സൂര്യകുമാർ യാദവ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായും മികച്ച പ്രകടനമാണ് സൂര്യകുമാർ നടത്തുന്നത്. ഇക്കുറി ഐപിഎല്ലിലെ ആദ്യ ആറ് മത്സരങ്ങളും മുംബൈ തോറ്റപ്പോഴും ആശ്വസിക്കാവുന്ന ഒരു ഘടകം സൂര്യകുമാറിന്റെ മികച്ച ഫോമണ്.
സൂര്യകുമാർ യാദവിന്റെ പ്രശസ്തമായ വിളിപ്പേരാണ് സ്കൈ എന്നത്. ഇംഗ്ലീഷിൽ താരത്തിന്റെ പേരുകളുടെ ആദ്യ അക്ഷരം ചേർത്താണ് സ്കൈ എന്ന പേര് വന്നതെന്ന് ഏവർക്കുമറിയാം. എന്നാൽ തന്നെ ആദ്യമായി സ്കൈ എന്ന് വിളിച്ചത് മുൻ ഇന്ത്യൻ സൂപ്പർതാരം ഗൗതം ഗംഭീറാണെന്നാണ് സൂര്യകുമാർ പറയുന്നത്. സൂര്യകുമാർ മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കുമ്പോൾ അവിടെ ക്യാപ്റ്റനായിരുന്നു ഗംഭീർ. ഒരു യൂടൂബ് ചാനലിലെ ഷോയിലാണ് സൂര്യകുമാർ ഇക്കാര്യം പറഞ്ഞത്.
2014-ൽ ഞാൻ കൊൽക്കത്തയുടെ ഭാഗമായിരിക്കുമ്പോൾ ഒരിക്കൽ ഗംഭീർ രണ്ട് മൂന്ന് തവണ സ്കൈ എന്ന് എന്റെ പിന്നിൽ നിന്ന് വിളിച്ചു, പക്ഷെ എന്നെയാണ് വിളിക്കുന്നതെന്ന് മനസിലാകാത്ത ഞാൻ അത് ശ്രദ്ധിച്ചില്ല, ഇതോടെ ഗംഭീർ, എന്നോട്, നിന്നെ തന്നെയാണ് ഞാൻ വിളിക്കുന്നതെന്ന് പറഞ്ഞു, എന്റെ പേരിന്റെ ആദ്യ അക്ഷരങ്ങൾ നോക്കാനും അദ്ദേഹം പറഞ്ഞു, അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത് അത് സ്കൈ എന്നാണെന്ന്, സൂര്യകുമാർ പറഞ്ഞു.