SHARE

അടുത്ത മാസം നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി മുംബൈ താരങ്ങൾ വിവിധ ടീമുകളായി തിരിഞ്ഞ് പരിശീലന മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇന്നലെ ഇത്തരത്തിൽ 2 മത്സര‌ങ്ങൾ മുംബൈയിൽ നടന്നിരുന്നു. ഇന്നിതാ പരിശീലന മത്സരങ്ങളുടെ രണ്ടാം ദിനത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടിയിരിക്കുകയാണ് അവരുടെ സ്റ്റാർ ബാറ്റ്സ്മാനായ സൂര്യകുമാർ യാദവ്.

പരിശീലന മത്സരത്തിൽ മുംബൈയുടെ ടീം ‘ബി’യുടെ നായകനായ സൂര്യകുമാർ യാദവ്, ഇന്ന് യാശ്വസി ജൈസ്വാൾ നയിച്ച ടീം ‘ഡി’ ക്കെതിരായ മത്സരത്തിൽ വെറും 47 പന്തുകളിൽ നിന്ന് 120 റൺസാണ് അടിച്ചു കൂട്ടിയത്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തന്റെ ടീമിനായി മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 10 ബൗണ്ടറികളും, 9 സിക്സറുകളുമടക്കം 255.32 പ്രഹരശേഷിയിലാണ് 120 റൺസ് നേടിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ പുത്രനായ അർജുൻ ടെണ്ടുൽക്കർ എറിഞ്ഞ, മത്സരത്തിന്റെ പതിമൂന്നാം ഓവറിൽ 21 റൺസാണ് സൂര്യകുമാർ യാദവ് അടിച്ചത്.

താരത്തിന്റെ സെഞ്ചുറിക്കരുത്തിൽ മുന്നേറിയ ടീം ‘ബി’ നിശ്ചിത 20 ഓവറുകളിൽ 213/5 എന്ന പടുകൂറ്റൻ സ്കോറാണ് മത്സരത്തിൽ നേടിയത്‌. അതേ സമയം തന്റെ മൂന്നാം ഓവറിൽ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പ്രഹരത്തിന് ഇരയായെങ്കിലും, ബാക്കി ഓവറുകളിലെല്ലാം നന്നായി പന്തെറിഞ്ഞ അർജുൻ ടെണ്ടുൽക്കർ 4 ഓവറിൽ 33 റൺസ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.