SHARE

പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി സൂപ്പർ താരം സുശാന്ത് മാത്യു. ഇന്നാണ് മുപ്പത്തിയേഴുവയസുകാരനായ മധ്യനിര ഫുട്ബോളർ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായിരുന്ന സുശാന്ത് വയനാട് അമ്പലവയൽ സ്വദേശിയാണ്. രാജ്യത്തെ പേരുകേട്ട ഫുട്ബോൾ ക്ലബ്ബുകളായ ഈസ്റ്റ് ബെംഗാളിലും, മോഹൻ ബഗാനിലും, കേരളാ ബ്ലാസ്റ്റേഴ്സിലും താരം പന്ത് തട്ടിയിട്ടുണ്ട്.

1997 ൽ രാജ്യത്തെ ആദ്യ പ്രൊഫഷണൽ ക്ലബ്ബായ എഫ് സി കൊച്ചിനിലൂടെ യൂത്ത് കരിയർ തുടങ്ങിയ സുശാന്ത് 2001 ൽ വാസ്കോ എസ് സി യിലേക്ക് മാറി. തുടർന്നുള്ള തന്റെ കരിയറിനിടെ മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബെംഗാൾ, മോഹൻ ബഗാൻ, റംഗ്ദജീദ് യുണൈറ്റഡ് എന്നിവർക്ക് വേണ്ടി പന്ത് തട്ടിയ താരം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു.

ആദ്യ സീസൺ ഐ എസ് എല്ലിൽ ചെന്നൈയൻ എഫ് സി ക്കെതിരെ കൊച്ചിയിൽ വെച്ച് നടന്ന ആദ്യ പാദ സെമി‌ഫൈനൽ മത്സരത്തിൽ നേടിയ ഗോളിലൂടെയാണ് സുശാന്തിനെ ഇന്നും ഫുട്ബോൾ പ്രേമികൾ ഓർത്തിരിക്കുന്നത്. ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിൽ ഇന്നും സുശാന്തിന്റെ ഈ അദ്ഭുത ഗോൾ മുന്നിലുണ്ട്. 2015 ൽ എഫ് സി പൂനെ സിറ്റിയിലേക്ക് പോയ സുശാന്ത്, തൊട്ടടുത്ത വർഷം നെറോക്കയ്ക്ക് വേണ്ടിയാണ് കളിച്ചത്. 2017 ൽ ഗോകുലം കേരളയ്ക്ക് വേണ്ടി‌ കളിച്ച് കൊണ്ട് അദ്ദേഹം വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി. സീസണിൽ അവരുടെ നായകനുമായിരുന്നു സുശാന്ത്.