SHARE

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിന്റെ തെരഞ്ഞെടുപ്പില്‍ ആശയക്കുഴപ്പം. മോശം പെരുമാറ്റത്തിന്റെ പേരില്‍ ആറുമാസം വിലക്കുള്ള സാബീര്‍ റഹ്മാനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് എല്ലാത്തിനും കാരണം. ടീമിനെ പ്രഖ്യാപിച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് സബീറിനെ വിലക്കിയതാണല്ലോയെന്ന ബോധോദയം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഉണ്ടാകുന്നത്.

താരത്തെ ടീമിനെടുത്തത് സെലക്ടര്‍മാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടാണെന്ന് തുറന്നുപറഞ്ഞ് ബിസിബി പ്രസിഡന്റ് നസ്മുള്‍ ഹസന്‍ രംഗത്തു വന്നതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ടീം ലിസ്റ്റ് അംഗീകരിച്ചുകൊണ്ട് ഒപ്പിടുന്ന സമയത്ത് സബീറിന്റെ വിലക്ക് തീര്‍ന്നോയെന്ന് താന്‍ ചോദിച്ചിരുന്നു. തീര്‍ന്നെന്ന് സെലക്ടറില്‍ ഒരാള്‍ പറയുകയും ചെയ്തു. ചിലപ്പോള്‍ അവര്‍ക്ക് തെറ്റുപറ്റിയതാകാമെന്ന് ഹസന്‍ പറഞ്ഞു.

ബംഗ്ലാദേശ് ടീമിലെ വികൃതിപ്പയ്യനാണെങ്കിലും സബീര്‍ ലോകകപ്പ് ടീമിലെ അവിഭാജ്യ ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് കിവീസ് പര്യടനത്തിലേക്ക് താരത്തെ ഉള്‍പ്പെടുത്തിയതും. ഫെബ്രുവരിയിലാണ് ബംഗ്ലാദേശ് ന്യൂസിലന്‍ഡിലേക്ക് പോകുന്നത്.