SHARE

നിരോധിത മരുന്നായ മോർഫീൻ ഉപയോ​ഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ ഫുട്ബോൾ താരം അശുതോഷ് മേത്തയ്ക്ക് രണ്ട് വർഷത്തെ സസ്പെൻഷൻ ഏർപ്പെടുത്തി. നാഷ്ണൽ ആന്റി ഡോപിങ് ഏജൻസിയുടെ(നാഡ) ആന്റി ഡോപിങ് ഡിസിപ്ലിനറി പാനലാണ് താരത്തിന് സസ്പെൻഷൻ ഏർപ്പെടുത്തിയത്.

ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബ​ഗാന്റ് താരമാണ് അശുതോഷ്. ഈ വർഷം ഫെബ്രുവരിയിൽ ഹൈദ​രാബദിനെതിരെ നടന്ന ഐഎസ്എൽ മത്സരത്തിന് മുമ്പായി നാഡ നടത്തിയ പരിശോധനയിലാണ് അശുതോഷ് നിരോധിത മരുന്ന് ഉപയോ​ഗിച്ചതായി കണ്ടെത്തിയത്. പുറം വേദനയെത്തുടർന്ന് ടീമം​ഗം നൽകിയ ഒരു മരുന്ന് കഴിച്ചിരുന്നതായി ഇതേക്കുറിച്ച് അശുതോഷ് നാഡ അധികൃരോട് വിശദീകരിച്ചു. ആയുർവേദ മരുന്നാണെന്ന് കരുതിയാണ് ഇത് കഴിച്ചതെന്നും അശുതോഷ് അധികൃതരെ അറിയിച്ചു. തനിക്ക് മരുന്ന് നൽകിയ സഹതാരത്തിന്റെ വിവരങ്ങളും അശുതോഷ് അധികൃതർക്ക് കൈമാറി.

മോർഫീൻ ഉപയോ​ഗം കണ്ടെത്തിയതിനാൽ രണ്ട് വർഷത്തെ സസ്പെൻഷൻ സ്വാഭാവികമാണ്. ഈ മാസം പതിനാലിനാണ് അശുതോഷിനെ സസ്പെൻഡ് ചെയ്തതായി നാഡ് ഉത്തരവ് വന്നത്. അതേസമയം തന്നെ ജൂൺ 24 മുതൽ തന്നെ അശുതോഷ് സ്വയം സസ്പെൻഷൻ ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ആ ദിവസം മുതലാകും രണ്ട് വർഷം കണക്കാക്കുക. അതേസമയം തന്നെ ഈ തീരുമാനത്തിനെതിരെ ആന്റി ഡോപിങ് അപ്പീൽ പാനലിൽ അശുതോഷിന് അപ്പീൽ സമർപ്പിക്കാനും കഴിയും.