SHARE

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുൻപേ വെസ്റ്റിൻഡീസിന് തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ക്യാപ്റ്റൻ ജേസൺ ഹോൾഡറിന് ഒരു മത്സര വിലക്ക് ലഭിച്ചതാണ് വിൻഡീസിന് ‘പണി’യായത്.

ന്യൂസിലൻഡിലെ ബേസിൻ റിസർവ്വിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് മാച്ച് റഫറി ക്രിസ് ബോർഡ്, ഹോൾഡറിന് അടുത്ത ടെസ്റ്റിൽ വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിന് പുറമേ മത്സര ഫീയുടെ 60% തുകയും വിൻഡീസ് ക്യാപ്റ്റന് പിഴയൊടുക്കേണ്ടതുണ്ട്‌. വെസ്റ്റിൻഡീസ് ടീമിലെ ബാക്കി താരങ്ങൾക്ക് ഓവർ നിരക്ക് കുറഞ്ഞ അതേ കാരണത്താൽ മത്സര ഫീസിന്റെ 30 ശതമാനം തുകയാണ് പിഴയടക്കേണ്ടത്.

നിശ്ചിത സമയത്ത് എറിഞ്ഞ് തീർക്കേണ്ടതിലും മൂന്ന് ഓവറുകൾ കുറവായിരുന്നു വിൻഡീസ് ടീമിന്റേതെന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തൽ. കഴിഞ്ഞ 12 മാസത്തിനിടെ രണ്ടാമതും ഈ കുറ്റം ആവർത്തിച്ചതാണ് ഹോൾഡറിന്റെ വിലക്കിന് വഴി വെച്ചത്.

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റ വിൻഡീസ് ഹാമിൽട്ടണിൽ നടക്കുന്ന അടുത്ത ടെസ്റ്റിൽ വിജയിച്ച് പരമ്പര സമനിലയിലാക്കാമെന്ന് വിചാരിച്ചിരിക്കുമ്പോളാണ് ഹോൾഡറിന് വിലക്ക് ലഭിച്ചത്. ഹോൾഡറിന്റെ അഭാവത്തിൽ സ്പിന്നർ ദേവേന്ദ്ര ബിഷു ടീമിലെത്തുമെന്നാണ് കരുതുന്നത്. ഡിസംബർ 9-ം തീയതി ഹാമിൽട്ടണിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.