SHARE

യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഫുട്‌ബോളില്‍ ഇറാഖ് ഇപ്പോഴും ഒരു ശക്തിയാണ്. കഴിഞ്ഞ ലോകകപ്പിന് യോഗ്യത റൗണ്ടിന്റെ അവസാന ഘട്ടത്തിലാണ് ടീമിന് അടിതെറ്റിയത്. ഇപ്പോള്‍ ഇറാഖ് ഫുട്‌ബോളില്‍ നിന്നും ലഭിക്കുന്ന വാര്‍ത്ത ശുഭകരമാണ്. സൂപ്പര്‍ കോച്ചുമാരില്‍ ഒരാളായ സ്വെന്‍ ഗോരന്‍ എറിക്‌സണ്‍ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

എറിക്‌സണും ഇറാഖ് ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും എറിക്‌സണ്‍ അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2002 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചത് എറിക്‌സന്റെ മികവായിരുന്നു. 2010ല്‍ ഐവറികോസ്റ്റിനെ ലോകകപ്പിനെത്തിച്ചതും ഈ എഴുപതുകാരനായിരുന്നു.

നിലവില്‍ ചൈനീസ് സെക്കന്‍ഡ് ഡിവിഷനില്‍ ഷെന്‍സ്‌ഹെന്‍ എഫ്‌സിയുടെ പരിശീലകനാണ്. അടുത്തവര്‍ഷം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പിന് ഇറാഖും യോഗ്യത നേടിയിട്ടുണ്ട്. ഇറാന്‍, വിയറ്റ്‌നാം, യെമന്‍ ടീമുകള്‍ക്കൊപ്പമാണ് ഇറാഖിന്റെ ഗ്രൂപ്പ് പോരാട്ടം തുടങ്ങുക.