ജർമൻ ബുന്ദസ്ലിഗയിൽ നിന്ന് സൂപ്പർ ക്ലബ് ഷാൽക്കെ തരംതാഴ്ത്തപ്പെട്ടു. ഇന്നലെ നടന്ന മത്സരത്തിൽ അർമീനിയെ ബെയ്ലെഫെൽഡിനോട് തോറ്റതോടെയാണ് സൂപ്പർക്ലബായ ഷാൽക്കെയുടെ തരംതാഴ്ത്തൽ ഉറപ്പായത്. ഇതോടെ അടുത്ത സീസണിൽ ഷാൽക്കെ ബുന്ദസ്ലിഗ രണ്ടാം ഡിവിഷനിൽ കളിക്കും
അതേസമയം ഷാൽക്കെയുടെ തരംതാഴ്ത്തലിനോട് ക്ലബ് ആരാധകർ രൂക്ഷമായാണ് പ്രതികരിച്ചത്. മത്സരശേഷം സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തിയ ഷാൽക്കെ താരങ്ങളെ ആരാധകർ ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ. ഇ.എസ്.പി.എൻ റിപ്പോർട്ട് പ്രകാരം 600-ഓളം ആരാധകരർ സ്റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയിരുന്നു. ടീം ബസിൽ നിന്ന് താരങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ആരാധകർ ഇവർക്ക് നേരെ അസഭ്യവാക്കുകൾ പറയുകയും മുട്ട എറിയുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം തന്നെ രോക്ഷാകുലരായി ഒരു കൂട്ടം ആരാധകർ കളിക്കാരെ തല്ലാനായി ഓടിച്ചെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഷാൽക്കെ താരങ്ങൾ ഭയന്നോടുന്നത് എന്ന തരത്തിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് യഥാർഥ വീഡിയോയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.