SHARE

ഇന്ത്യയും, ഓസ്ട്രേലിയയും തമ്മിൽ സിഡ്നിയിൽ നടന്നു കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 407 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് രണ്ടാമിന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ 280/5 എന്ന നിലയിലാണ്. മത്സരത്തിൽ ഒരു സെഷൻ മാത്രം അവശേഷിക്കെ ഇന്ത്യയ്ക്ക് 127 റൺസും, ഓസ്ട്രേലിയക്ക് 5 വിക്കറ്റുകളുമാണ് ജയിക്കാ‌ൻ വേണ്ടത്.

അഞ്ചാം ദിനം കളി തുടങ്ങി അധികം വൈകാതെ 4 റൺസെടുത്ത നായകൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ ഋഷഭ് പന്ത് കളി ഓസീസിൽ നിന്ന് തട്ടിയെടുത്തു. ഏകദിന ‌ശൈലിയിൽ തകർത്തടിച്ച യുവ താരം ഓസ്ട്രേലിയൻ ബോളർമാരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലാണ് ബാറ്റ് വീശിയത്. പുജാര മറുവശത്ത് പന്തിന് മികച്ച പിന്തുണ നൽകി. ഇതോടെ ഇന്ത്യൻ സ്കോർ കുതിച്ചു.

എന്നാൽ സെഞ്ചുറിക്ക് 3 റൺസ് അകലെ വെച്ച് പന്തിനെ നഥാൻ ലിയോൺ പുറത്താക്കുകയായിരുന്നു. 118 പന്തുകളിൽ 12 ബൗണ്ടറികളും ഒരു സിക്സറുമടക്കം 97 റൺസായിരുന്നു പന്ത് നേടിയത്. പന്തിനെ പുറത്താക്കിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഓസീസ്, പിന്നാലെ 77 റൺസെടുത്ത പുജാരയുടെ വിക്കറ്റും തെറിപ്പിച്ചു. ഇതോടെ ഇന്ത്യ 272/5 എന്ന നിലയിലായി. നിലവിൽ 4 റൺസോടെ ഹനുമ വിഹാരിയും, 7 റൺസ് നേടി രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ.