SHARE

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ ആധിപത്യം. ‌മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 303/4 എന്ന ശക്തമായ നിലയിലാണ്. സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ചേതേശ്വർ പുജാരയുടേയും (130*), അർധ സെഞ്ചുറി നേടിയ മയങ്ക്അഗർവാളിന്റേയും (77) ബാറ്റിംഗ് മികവാണ് ഒന്നാംദിനം ഇന്ത്യയ്ക്ക് വ്യക്തമായ മുൻ തൂക്കം നൽകിയത്. പുജാരയുടെ പതിനെട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് സിഡ്നിയിൽ പിറന്നത്.

സിഡ്നിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെ എൽ രാഹുലും കുൽദീപ് യാദവും ടീമിൽ തിരിച്ചെത്തി. എന്നാൽ കെ എൽ രാഹുൽ ഇത്തവണയും നിരാശപ്പെടുത്തി. 9 റൺസെടുത്ത് താരം പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 10 റൺസ് മാത്രം‌. എന്നാൽ പുജാരയും മയങ്ക് അഗർവാളും ഒത്തുചേർന്നതോടെ ഇന്ത്യൻ സ്കോർ അനായാസം കുതിച്ചുകയറുകയായിരുന്നു.

-Advertisement-

അഗർവാൾ 77 റൺസിൽ പുറത്തായി. പിന്നാലെ ബാറ്റിംഗിനിറങ്ങിയ നായകൻ വിരാട് കോഹ്ലി 23 റൺസും, അജിങ്ക്യ രഹാനെ 18 റൺസുമെടുത്തും പുറത്തായെങ്കിലും ഒരു വശത്ത് പുജാര മികച്ച ഫോമിൽ ബാറ്റ് ചെയ്ത് മുന്നേറുകയായിരുന്നു. ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തിയ പുജാര, ടീമിന്റെ റൺ നിരക്കുയർത്താനും സഹായിച്ചു. ആറാമനായി ബാറ്റിംഗിനെത്തിയ ഹനുമ വിഹാരി, പുജാരയ്ക്ക് മികച്ച പിന്തുണ നൽകുക കൂടി ചെയ്തതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു. 130 റൺസോടെ പുജാരയും, 39 റൺസെടുത്ത വിഹാരിയുമാണ് ആദ്യ ദിനം കളിഅവസാനിക്കുമ്പോൾ ക്രീസിലുള്ളത്‌.