SHARE

മുംബൈക്കെതിരായ മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ കേരളത്തിന്റെ മൊഹമ്മദ് അസറുദ്ദീനാണ് നിലവിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ അസറുദ്ദീൻ ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്ത ദിനം മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ മറ്റൊരു കളികാരൻ കൂടിയുണ്ട്‌. അതെ മേഘാലയ്ക്ക് വേണ്ടി കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പുനീത് ബിഷ്ട് ഇന്നലെ മിസോറാമിനെതിരെ നടന്ന മത്സരത്തിൽ നേടിയത് 51 പന്തിൽ 146 റൺസാണ്. അസറുദ്ദീന്റെ പ്രകടനത്തിൽ ബിഷ്ടിന്റെ മാസ്മരിക ബാറ്റിംഗ് വെടിക്കെട്ട് മുങ്ങിപ്പോവുകയായിരുന്നു.

മിസോറാമിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മേഘാലയ്ക്ക് വേണ്ടി നാലാമനായി ക്രീസിലെത്തിയ പുനീത് ബിഷ്ട്, വെറും 51 പന്തുകളിൽ 6 ബൗണ്ടറികളും 17 സിക്സറുകളുമടക്കം 146 റൺസ് നേടി പുറത്താകാതെ നിന്നു. ടി20 ക്രിക്കറ്റിൽ ഒരിന്ത്യൻ താരം നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോറും ഇതോടെ ബിഷ്ടിന് സ്വന്തമായി. ഈ മത്സരത്തിൽ 17 സിക്സറുകൾ നേടിയതോടെ ടി20 യിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡിൽ സാക്ഷാൽ ക്രിസ് ഗെയിലിനിപ്പമെത്താൻ ബിഷ്ടിന് കഴിഞ്ഞു. നേരത്തെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ രംഗ്പൂർ റൈഡേഴ്സിന് വേണ്ടി കളിക്കവെയായിരുന്നു ഗെയിൽ ഒരു മത്സരത്തിൽ 17 സിക്സറുകൾ നേടിയത്. ബിഷ്ടിന്റെ സെഞ്ചുറിക്കരുത്തിൽ ആദ്യ ബാറ്റിംഗിൽ 230/6 എന്ന മികച്ച സ്കോർ നേടിയ മേഘാലയ മത്സരത്തിൽ 130 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കുകയും ചെയ്തു.

2006 മുതൽ 2018 വരെ ഡെൽഹിയുടെ താരമായിരുന്ന പുനീത് ബിഷ്ട്, 2018 ലാണ് മേഘാലയ ടീമിലേക്ക് തന്റെ തട്ടകം മാറ്റിയത്. നിലവിൽ ടീമിന്റെ നായകൻ കൂടിയായ ഈ മുപ്പത്തിനാലുകാരൻ മുൻപ് ഐപിഎല്ലിൽ ഡെൽഹി ഡെയർഡെവിൾസിനായി കളിച്ചിട്ടുണ്ട്.