SHARE

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച രഞ്ജി സീസണ് ശേഷം ടി20 ചൂടിലേക്ക് ഗിയർ മാറ്റാൻ കേരളം. വിജയകരമായ ടെസ്റ്റ് സീസണ് ശേഷം സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലൂടെ സീസണിൽ തങ്ങളുടെ ആദ്യ നിശ്ചിത ഓവർ മത്സരത്തിനിറങ്ങുന്ന കേരളം നാളെ നടക്കുന്ന മത്സരത്തിൽ കരുത്തരായ ഹൈദരാബാദിനെയാണ് നേരിടുക. ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള താര ലേലം ജനുവരി അവസാനം നടക്കാനിരിക്കേ സഞ്ജു സാംസൺ അടക്കമുള്ള കേരളാ താരങ്ങളുടെ പ്രകടനം വീക്ഷിക്കാൻ വിവിധ ഐപിഎൽ ടീം അധികൃതരും നാളത്തെ മത്സരം കാണാനുണ്ടാകും.

നാളെ ഉച്ചയ്ക്ക് 12.30 നാണ് മത്സരം ആരംഭിക്കുക. സൂപ്പർ താരം അമ്പാട്ടി റായുഡു ഹൈദരാബാദിനെ നയിക്കുമ്പോൾ സച്ചിൻ ബേബിയാണ് കേരളാ ടീം ക്യാപ്റ്റൻ. രണ്ട് ടീമുകളും സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് മത്സരത്തിനിറങ്ങുക. കേരളാ ടീമിൽ സച്ചിൻ ബേബി, സഞ്ജു സാംസൺ, സന്ദീപ് വാര്യർ, ജലജ് സക്സേന, രോഹൻ പ്രേം എന്നിവർ കളിക്കുമ്പോൾ, അമ്പാട്ടി റായിഡു, പ്രഗ്യാൻ ഓജ, അക്ഷത് റെഡ്ഡി എന്നിവരാണ് ഹൈദരാബാദ് നിരയിൽ അണിനിരക്കുക.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിന് മുൻപ് തങ്ങളുടെ കഴിവുകൾ ഐപിഎൽ ടീമുകളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ താരങ്ങൾക്ക് കിട്ടിയ സുവർണാവസരമാണ് ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി. നാളത്തെ ഉൾപ്പെടെ അഞ്ച് മത്സരങ്ങളാണ് കേരളത്തിന് ടൂർണമെന്റിൽ ഉള്ളത്. സൗത്ത് സോണിൽ മത്സരിക്കുന്ന കേരളം, തമിഴ്നാട്, ആന്ധ്ര, ഗോവ, കർണാടക എന്നിവരുമായും വരും ദിവസങ്ങളിൽ ഏറ്റുമുട്ടും.